Community
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള യൂണിറ്റി ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് ജൂണ്‍ 13ന്

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ‘കേരള യൂണിറ്റി ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ്’ ജൂണ്‍ 13ന് വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെനി ഹാര്‍ട്ട്‌സ് വണ്‍ മിഷന്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബ്ലഡ് ഡോണഴ്‌സ് കേരളയുമായി ചേര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ സംഘടനകളുടെയും ആരോഗ്യ മേഖലയിലെ സംഘടനകളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.


മലയാളി പ്രവാസി സമൂഹത്തിന്റെ ഐക്യവും ആതിഥേയ രാജ്യത്തോടുള്ള നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ നടക്കുന്ന രക്തദാന ക്യാമ്പില്‍ 400ല്‍പരം ദാതാക്കളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ ഫോം മുഖേനയാണ് രജിസ്ട്രേഷന്‍ നടപടികള്‍ ക്രമീകരിക്കുക.


ഖത്തര്‍ പ്രവാസി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള സംഘടനകളിലെ അംഗങ്ങള്‍ ഭാഗമാകുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ വാര്‍ത്താ സമ്മേളന വേദിയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നാരായണന്‍ പ്രകാശനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വനിതാ വിഭാഗം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, കുവാഖ് പ്രസിഡന്റ് നൗഷാദ് അബു, ഫിന്‍ക്യു പ്രസിഡന്റ് ബിജോയ് ചാക്കോ എന്നിവര്‍ പങ്കെടുത്തു.


ദോഹ അലിഷാന്‍ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍ ചാലില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നാരായണന്‍, ജോയിന്‍ ട്രഷറര്‍ ഹരികുമാര്‍, ബ്ലഡ് ഡോണേഴ്‌സ് കേരള പ്രതിനിധി സബിന്‍ സാബു എന്നിവര്‍ പങ്കെടുത്തു.


