

ആലപ്പുഴ: പറഞ്ഞുപെട്ട് മന്ത്രി സജി ചെറിയാന്‍. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്കിയ സ്വത്ത് വിവരവും മന്ത്രി കെ റെയില്‍ വിവാദത്തില്‍ പറഞ്ഞ സ്വത്തിന്റെ വിവരവും രണ്ടാണെന്നും അനധികൃതമായി മന്ത്രി സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ച് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് മന്ത്രി കാണിച്ചിരുന്നത്. എന്നാല്‍ കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അഞ്ചു കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

സജി ചെറിയാന്‍ വെളിപ്പെടുത്തിയത് പ്രകാരം കൈവശമുള്ളത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ പരാതി നല്കി.

