

ദോഹ: ഖത്തര്‍ ഇന്‍കാസിന്റെ ചരിത്രത്തില്‍ മാറ്റത്തിന്റെ ‘സമാരംഭ’മായിരിക്കും കോഴിക്കോട് ജില്ലാ ഇന്‍കാസ് ഒ ഐ സി സി സംഘടിപ്പിച്ച സമാരംഭമെന്ന് പ്രതീക്ഷിച്ച് പ്രവര്‍ത്തകരും നേതൃത്വവും. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമ്യാ ഹരിദാസും പങ്കെടുത്ത സമാരംഭത്തിന് ഐ സി സി അശോകാ ഹാള്‍ നിറഞ്ഞു കവിഞ്ഞത് ഇന്‍കാസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ ഏറെ ഉയരത്തിലാണെന്നതിന്റെ സാക്ഷ്യപത്രമായാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അടുത്ത കാലത്ത് പരസ്യമായി ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഇന്‍കാസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനും സംഘടനാ പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കാനുമാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് ഖത്തറിലെത്തുന്നതെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സമാരംഭം സംഘടിപ്പിക്കുന്നതെന്ന സംസാരവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.


കോഴിക്കോട് ജില്ലയിലെ ഇന്‍കാസ് നേതാക്കളും ഇരുവിഭാഗത്തിന്റേയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമീര്‍ ഏറാമലയും ബഷീര്‍ തുവാരിക്കലും ഈ പരിപാടിയില്‍ വേദിയിലില്ലാതിരിക്കുകയും സദസ്സില്‍ ഇടംപിടിക്കുകയും ചെയ്തത് ശുഭപ്രതീക്ഷയായാണ് കാണുന്നത്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയെന്നാല്‍ തങ്ങളുടെ പാര്‍ട്ടിയുടെ പരിപാടിയാണെന്നൊക്കെയാണ് നേതാക്കള്‍ക്ക് പറഞ്ഞു നില്‍ക്കുന്നതെങ്കിലും രണ്ടു ഭാഗത്തായി ചിതറിക്കിടക്കുന്ന പിണക്കങ്ങള്‍ ഇല്ലാതാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വന്‍ ജനാവലിയാണ് ഐ സി സി അശോകാ ഹാളില്‍ എത്തിച്ചേര്‍ന്നത്.
ഹലോ ഉസ്മാനെ
ഖത്തറിലെ ഇന്‍കാസ് ചരിത്രത്തോടൊപ്പം നടക്കുന്ന കെ കെ ഉസ്മാനെന്ന ഉസ്മാനിക്കയെ ലോകമലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് രമേശ് ചെന്നിത്തലയുടെ ‘ഹലോ ഉസ്മാനെ’ എന്ന പ്രയോഗമാണെന്ന അവതരണം ഹര്‍ഷാരവത്തോടെയും ആവേശത്തോടെയും സ്വീകരിച്ച് സദസ്സ്. മലയാളികളുള്ളിടങ്ങളിലെല്ലാം എത്തിയ ചെന്നിത്തലയുടെ ‘ഹലോ ഉസ്മാനേ’ വിളിക്കിപ്പുറത്തുള്ളത് തങ്ങളുടെ സ്വന്തം ഉസ്മാനിക്കയാണെന്ന അഭിമാനമാണ് ഖത്തറിലെ ഇന്‍കാസ് പ്രവര്‍ത്തകര്‍ തങ്ങളുടെ ആവേശത്തിലൂടെ പ്രകടമാക്കിയത്.

