Community
യുവകലാസാഹിതി ഖത്തര്‍ പതിനേഴാം വാര്‍ഷികം വെള്ളിയാഴ്ച; ആനി രാജയും സ്വാസികയും ഖത്തറില്‍
ദോഹ: യുവകലാസാഹിതി ഖത്തറിന്റെ പതിനേഴാം വാര്‍ഷികത്തോടനുബന്ധിച്ച് യുവകലാ സന്ധ്യ 2023 വിവിധ സാംസ്‌ക്കാരിക പരിപാടികളോടെ മാര്‍ച്ച് 10ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഐ സി സി അശോകാ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി രാജ പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമാ താരം സ്വാസിക മുഖ്യാതിഥിയായി പങ്കെടുക്കും.

യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത്ത് സ്ത്രീശക്തി അവാര്‍ഡ് 2023 പ്രമുഖ സാമൂഹിക പ്രവര്‍ത്തക ആനി രാജയ്ക്കും സി കെ ചന്ദ്രപ്പന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഖത്തറിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് അല്‍ ഇസാന്‍ മയ്യത്ത് പരിപാലന സംഘത്തിനും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നല്കും.
ഖത്തറിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടി ഗിന്നസ് റെക്കോര്‍ഡ് പ്രകടനം നടത്തിയ ഷക്കീര്‍ ചീരായിയെയും എജുക്കേഷണല്‍ യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലംകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച യുവ സംരംഭക റസീന ഷക്കീറിനേയും ചടങ്ങില്‍ ആദരിക്കും.
കോവിഡ് മഹാമാരി കാലത്ത് ഖത്തറില്‍ വിശിഷ്ട സേവനങ്ങള്‍ നടത്തിയ യുവകലാ സാഹിതിയുടെ പ്രവര്‍ത്തകരേയും ആദരിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സര വിജയികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ വേദിയില്‍ പ്രകാശനം ചെയ്യും.
പിന്നണി ഗായിക സജിലി സലിം നയിക്കുന്ന സംഗീത സന്ധ്യയില്‍ ഖത്തറിലെ ഗായകരായ മണികണ്ഠദാസ്, റിയാസ് കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. നൃത്തകലാ രൂപങ്ങളും അരങ്ങേറും.
സ്വസ്തി അക്കാദമി ഫോര്‍ എക്‌സലന്‍സ് നര്‍ത്തകര്‍ ഫ്യൂഷന്‍ ഡാന്‍സുകള്‍ അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ റജി പുന്നൂരാന്‍, കെ ഇ ലാലു, ഷാനവാസ് തവയില്‍, അജിത്ത് പിള്ള, സിതാര, ആനി ഡി രാജ എന്നിവര്‍ പങ്കെടുത്തു.



