

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ ട്രോഫിയുമായി സ്ഥിരം വടംവലി കോര്‍ട്ടില്‍ ഖത്തര്‍ മഞ്ഞപ്പട കിത്വയുമായി സഹകരിച്ച് നടത്തിയ വടംവലി മാമാങ്കം ഖത്തര്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


മെഗാ വടംവലി ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ ഏഴടി ഉയരമുള്ള ഭീമന്‍ ട്രോഫി കരസ്ഥമാക്കി സാക് ഖത്തര്‍ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടീം തിരൂരും ഖത്തര്‍ മഞ്ഞപ്പട ദോഹ വാരിയേഴ്‌സും കരസ്ഥമാക്കി.

വനിതാ വിഭാഗത്തില്‍ 365 മല്ലു ഫിറ്റ്‌നസ് ജേതാക്കളായി. രണ്ടാം സ്ഥാനം സ്‌പോട്ടീവ് ഗ്രിപ്പ്‌സ്റ്റേഴ്‌സും മൂന്നാം സ്ഥാനം സംസ്‌കൃതി ഖത്തറും സ്വന്തമാക്കി.

ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിര്‍മിച്ച സ്ഥിരം വടംവലി കോര്‍ട്ടിന്റെയും മത്സരങ്ങളുടെയും ഉദ്ഘാടനം ഐ എസ് സി മുന്‍ പ്രസിഡന്റും നിലവില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മോഹന്‍ തോമസും ഖത്തര്‍ ഡിസ്‌കസ് ത്രോ താരം അഹമ്മദ് മുഹമ്മദ് ദീപും ചേര്‍ന്ന് നിര്‍വഹിച്ചു. ഖത്തര്‍ മഞ്ഞപ്പടയുടെ ഏര്‍ണസ്റ്റ് ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ ജോ. സെക്രട്ടറി നിശാന്ത് വിജയന്‍ വിദേശ രാജ്യങ്ങളിലെ ആദ്യത്തെ സ്ഥിരം വടംവലി കോര്‍ട്ടിന്റെ സാക്ഷാത്കാരത്തെ കുറിച്ചു വിശദീകരിച്ച് സംസാരിച്ചു.
ഖത്തര്‍ മുന്‍ ഹൈജംബ് താരം മുന്‍ഷീര്‍, ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ കെ വി ബോബന്‍, ജോപ്പച്ചന്‍ തെക്കേകുറ്റ്, ഹൈദര്‍ ചുങ്കത്തറ, ഡോ. അബ്ദുല്‍ സമദ്, ഖിത്വ പ്രസിഡന്റ് സ്റ്റീസണ്‍ കെ മാത്യു, ഷിജു വിദ്യാധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

വിജയികള്‍ക്ക് ഐ സി ബി എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവും ലോക കേരള സഭാ അംഗവുമായ അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടിയും ഖത്തര്‍ മഞ്ഞപ്പട- ഖിത്വ അംഗങ്ങളും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശ്യാം പരവൂര്‍ നന്ദി പ്രകാശനം ചെയ്തു.
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമയും ഖത്തര്‍ ഫിഫ ലോകകപ്പിന്റെ വേദികളില്‍ നിറസാന്നിധ്യവുമായിരുന്ന ഖത്തര്‍ മഞ്ഞപ്പടയും ഖത്തറില്‍ അനവധി വടംവലി ടൂര്‍ണമെന്റുകള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷന്‍ (ഖിത്വ)യും സംയുക്തമായി സംഘടിപ്പിച്ച ജി സി സി രാജ്യങ്ങളില്‍ ആദ്യമായി 100 അടി നീളത്തിലും മൂന്നടി വീതിയിലുമായി തേച്ചു മിനുക്കിയെടുത്ത പ്രഥമ സ്ഥായിയായ കോണ്‍ക്രീറ്റ് കോര്‍ട്ടിന്റെ ഉദ്ഘാടനവും ഖത്തറിന്റെ കായിക മേഖലയില്‍ ഇന്നേ വരെ കാണാത്ത എട്ട് അടിയോളം വലിപ്പമുള്ള വിന്നേഴ്സ് ട്രോഫിക്കും 7 അടിയോളം വലിപ്പമുള്ള റണ്ണേഴ്സ് ട്രോഫിക്കും 5 അടി വലിപ്പമുള്ള മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള ട്രോഫിക്കുമായിരുന്നു മത്സരം. വലി മത്സരത്തിന് ഖത്തറിലെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു.

22 പ്രജാപതികളുടെ 550 കിലോഗ്രാം വിഭാഗത്തിലുള്ള പുരുഷ വടംവലി മത്സരവും പടുകൂറ്റന്‍ കനക കീരീടം സ്വന്തമാക്കാന്‍ 7 വനിതാ ടീമുകളും മത്സരിച്ച വടംവലിക്ക് ഖത്തറിന്റെ മണ്ണ് സാക്ഷ്യം വഹിച്ചു. തിങ്ങി നിറഞ്ഞ കാണികളുടെ കരഘോഷത്തിന്റെയും ആര്‍പ്പുവിളികളുടെയും ആവേശത്തിലാണ് മത്സരം നടന്നത്. ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ വന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

