
ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് പ്രാദേശിക ഈന്തപ്പഴ മേള സൂഖ് വാഖിഫില്‍ ആരംഭിച്ചു. ഓഗസ്റ്റ് 10 വരെ മേള തുടരും.

സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കുന്ന മേളയില്‍ ഖത്തറിലെ വിവിധ ഫാമുകള്‍ വിപുലമായ സ്റ്റാളുകളുമായി പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശികമായി ഉത്പാദിപ്പിച്ച പുതിയ ഈന്തപ്പഴങ്ങളും (റുത്തബ്), സീസണല്‍ പഴവര്‍ഗങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നു.

ദൈനംദിന മത്സരങ്ങള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍, കുടുംബാംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ബോധവത്കരണ- സാംസ്‌കാരിക പരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈന്തപ്പനയുടെയും പഴവര്‍ഗങ്ങളുടെയും സകാത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറും നടക്കും.
ഞായര്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം.

കര്‍ഷകരും പൊതുജനങ്ങളും ഒരുപോലെ കാത്തിരിക്കുന്ന വാര്‍ഷിക കാര്‍ഷികോത്സവമായി ഈ മേള വളര്‍ന്നിരിക്കുകയാണെന്നും ഖത്തറിലെ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനും ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ വേദിയായാണ് ഇത് മാറിയതെന്നും കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.
ഓരോ പതിപ്പിലും കര്‍ഷകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച അനുഭവം ഒരുക്കുന്നതിനും രാജ്യത്തെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കനുസൃതമായി മേളയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അല്‍ ഖുലൈഫി വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യമായി നിരവധി വാണിജ്യ സമുച്ചയങ്ങളെയും മേളയുടെ ഭാഗമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പുതിയ ഈന്തപ്പഴങ്ങള്‍ക്ക് കൂടുതല്‍ വിപണനസാധ്യതകള്‍ സൃഷ്ടിക്കാനും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കാനും അവസരമൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉയര്‍ത്തുന്നതിന് കര്‍ഷകര്‍ക്ക് വിപണന വേദികള്‍ ഒരുക്കുന്ന ഉള്‍പ്പെടെ വിവിധ പിന്തുണാപദ്ധതികള്‍ മന്ത്രാലയം തുടര്‍ച്ചയായി നടപ്പാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ ഉത്പാദിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള റുത്തബ് ഇനങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയാണ് ഈ മേളയെന്നും സര്‍ക്കാര്‍ ഏജന്‍സികളും കര്‍ഷകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിടുന്ന ദേശീയ നയത്തിന് അനുസൃതമായി ആഭ്യന്തര ഉത്പന്നങ്ങളെ ജനങ്ങള്‍ പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുവെന്നും അല്‍ ഖുലൈഫി വ്യക്തമാക്കി.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേര്‍ന്നുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാലിം പറഞ്ഞു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര- വാണിജ്യ കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും അവസരമൊരുക്കുന്നതിലൂടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ പിന്തുണയ്ക്കുകയും ഖത്തറില്‍ ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ ഗുണമേന്മയും പ്രാധാന്യവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടുകയും ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.
ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങള്‍ക്കൊപ്പമാണ് ഈ വാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. ഖത്തറില്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഈന്തപ്പഴ ഇനങ്ങളെ പരിചയപ്പെടുത്തുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക പരിപാടികളിലൊന്നായി ഈ മേള തുടര്‍ന്നും ശ്രദ്ധേയമായ സ്ഥാനം നിലനിര്‍ത്തുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

