
ദോഹ: കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണവും ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാര സമര്‍പ്പണവും അദ്ദേഹത്തിന് ഉചിതമായ ആദരവിന് വേദിയായി. ഉമ്മന്‍ ചാണ്ടിയുടെ ജീവിത യാത്രയെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനത്തോടെ അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചു.

ആറന്മുള എം എല്‍ എ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കരുണയും ചേര്‍ത്ത് നിര്‍ത്തലുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ശൈലി എന്ന് അദ്ദേഹം അനുസ്മരിച്ചു. പാവപ്പെട്ടവരുടെയും അശരണരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ അദ്ദേഹത്തിന് മറ്റൊന്നും ഒരു തടസ്സമേ ആയിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെപ്പോലുള്ള പൊതു പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതം ആശംസിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം മികച്ച പൊതുപ്രവര്‍ത്തകര്‍ക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉമ്മന്‍ ചാണ്ടി ജനസേവാ പുരസ്‌കാരം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഡ്വ. അബിന്‍ വര്‍ക്കിയില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരുന്നു പുരസ്‌കാരം.
ഇന്‍കാസ് രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ഷാനവാസ് ബാവയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഇന്‍കാസ് രക്ഷാധികാരി ജോണ്‍ ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പുരസ്‌കാര ജേതാവ് ഷാനവാസ് ബാവ മറുപടി പ്രസംഗം നടത്തി.
ഈ പുരസ്‌കാരം തനിക്ക് മാത്രമായുള്ള ഒരു വ്യക്തിഗത നേട്ടമായി കാണുന്നില്ലെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്കുന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോപ്പച്ചന്‍ തെക്കെക്കൂറ്റ് അധ്യക്ഷത വഹിച്ചു. പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് ഷാനവാസ് ബാവയെ തെരഞ്ഞെടുത്തത്. സാമൂഹിക, ജീവകാരുണ്യ, ജനക്ഷേമ മേഖലകളില്‍ നിസ്വാര്‍ഥ സേവനങ്ങള്‍ കാഴ്ചവച്ചതിനും പ്രത്യേകിച്ച് ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ സി ബി എഫിന്റെ പ്രസിഡന്റായിരുന്നു കൊണ്ട് കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍, പ്രത്യേകിച്ച് അശരണര്‍ക്കും, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും താങ്ങായി നിന്നുകൊണ്ട് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവാ പ്രവര്‍ത്തനങ്ങളുമാണ് ഷാനവാസ് ബാവയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അഡ്വ. അബിന്‍ വര്‍ക്കി എം എല്‍ എക്കുള്ള ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹോപഹാരം ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകരയും ജനറല്‍ സെക്രട്ടറി കെ വി ബോബനും ചേര്‍ന്ന് കൈമാറി. ജോണ്‍ ഗില്‍ബര്‍ട്ട് അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഇന്‍കാസ് ഭാരവാഹികളും ലേഡീസ് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ പിള്ള തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാസില്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.
ഉമ്മന്‍ ചാണ്ടി അനുസ്മരണ കമ്മിറ്റി ഭാവരവാഹികളായ ഈപ്പന്‍ തോമസ്സ്, സിറാജ് പാലൂര്‍, ബി എം ഫാസില്‍, ഫാസില്‍ അബൂബക്കര്‍, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത്, എന്നിവരോടൊപ്പം മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്- ലേഡീസ് വിംഗ് ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

