

ദോഹ: മെട്രോ, ലുസൈല്‍ ട്രാം എന്നിവയില്‍ നാല് ദിവസത്തിനുള്ളില്‍ യാത്ര ചെയ്തത് 2.4 ദശലക്ഷം യാത്രക്കാര്‍. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളിലാണ് ഇത്രയും യാത്രക്കാര്‍ മെട്രോയും ട്രാമും ഉപയോഗിച്ചത്.

ടൂര്‍ണമെന്റ് സ്‌റ്റേഡിയങ്ങള്‍, വിനോദ ഇടങ്ങള്‍, ഫാന്‍ സോണുകള്‍ തുടങ്ങിയ സ്ഥലങ്ങൡലേക്കാണ് യാത്രക്കാര്‍ കൂടുതലുണ്ടായത്. ദോഹ മെട്രോയും ലുസൈല്‍ ട്രാമും 24,42,963 യാത്രക്കാരെയാണ് ലക്ഷ്യങ്ങളിലെത്തിച്ചത്. ടൂര്‍ണമെന്റിന്റെ ആദ്യ നാല് ദിവസങ്ങളില്‍ ദോഹ മെട്രോ റെക്കോര്‍ഡ് വളര്‍ച്ചയാണ് നേടിയത്. ട്രീ ലൈനുകള്‍ വഴി വിവിധ ടെര്‍മിനലുകളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും എത്തിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 23,51,244 ആണ്.

ഖത്തര്‍ റെയിലിന്റെ ദൈനംദിന സ്ഥിതിവിവരക്കണക്കുകളില്‍ ഇതേ കാലയളവില്‍ ലുസൈല്‍ ട്രാമിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 91,719 യാത്രക്കാരിലെത്തിയിട്ടുണ്ട്.
നവംബര്‍ 20ന് ആരംഭിച്ച ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ മൊത്തം മെട്രോ ഉപയോക്താക്കളുടെ എണ്ണം ഏകദേശം 5,44,962 യാത്രക്കാരായിരുന്നു. വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ഡി ഇ സി സി എന്നിവിടങ്ങളില്‍ ഉയര്‍ന്ന എണ്ണമാണ് യാത്രക്കാരിലുണ്ടായത്. അടുത്ത ദിവസം മൊത്തം ഉപയോക്താക്കളുടെ എണ്ണം ഏകദേശം 5,29,904 യാത്രക്കാരായിരുന്നു. അവര്‍ മുശൈരിബ്, സൂഖ് വാഖിഫ്, ഡി ഇ സി സി സ്റ്റേഷനുകളാണ് കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. അതേസമയം ഉപയോക്താക്കളുടെ എണ്ണം ചൊവ്വാഴ്ച 6,50,881 യാത്രക്കാരായി. ലുസൈല്‍, ഡി ഇ സി സി, സൂഖ് വാഖിഫ് സ്റ്റേഷനുകളാണ് ആ ദിവസം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ബുധനാഴ്ച യാത്രക്കാരുടെ എണ്ണം 6,25,497 ആയി.

