
ദോഹ: 2027 ജനുവരി 15ന് നടക്കുന്ന 15-ാമത് ഒറീദൂ ദോഹ മാരത്തണില്‍ 25,000ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുവരെയുള്ള മാരത്തണ്‍ പതിപ്പുകളില്‍ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

2027ലെ മാരത്തണില്‍ പുതുതായി ഉള്‍പ്പെടുത്തിയ 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ റൂട്ട് ഷെറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് ദോഹ കോര്‍ണിഷിലൂടെ കടന്നുപോകും. സൂഖ് വാഖിഫ്, ദോഹ പോര്‍ട്ട് ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൂടെയും റൂട്ട് കടന്നുപോകും.

റൂട്ടില്‍ ഒരേ ഭാഗങ്ങളിലൂടെ വീണ്ടും കടന്നുപോകുന്ന രീതിയിലോ ലാപ്പുകളായോ മത്സരം നടത്തില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
ആദ്യമായി 42 കിലോമീറ്റര്‍ റിലേ റേസും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് അല്ലെങ്കില്‍ നാല് പേര്‍ അടങ്ങുന്ന ടീമുകളായാണ് റിലേയില്‍ പങ്കെടുക്കുക. ഓരോ അംഗവും റൂട്ടിന്റെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കും.
15-ാമത് പതിപ്പില്‍ ഫുള്‍ മാരത്തണിന് പുറമെ റിലേ റേസ്, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍ മത്സരങ്ങള്‍, ഫാമിലി റണ്‍ എന്നിവയും ഉണ്ടായിരിക്കും.
ഖത്തര്‍ താരങ്ങള്‍ക്കായി അല്‍ അദാം വിഭാഗത്തിലുള്ള പുരസ്‌കാരവും അറബ് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കായി പുതിയ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം വേള്‍ഡ് അത്ലറ്റിക്‌സ് ഗോള്‍ഡ് ലേബല്‍ പദവി സ്വന്തമാക്കിയ ദോഹ മാരത്തണ്‍, പ്ലാറ്റിനം ലേബല്‍ പദവി നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
2026ലെ മാരത്തണില്‍ 160 രാജ്യങ്ങളില്‍ നിന്നായി 20,000ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ഖത്തറിന് പുറത്തുനിന്ന് മാത്രം 2,200 പേര്‍ മത്സരത്തില്‍ എത്തിയിരുന്നു.
2026ലെ മാരത്തണില്‍ ഒളിമ്പിക് ചാമ്പ്യന്‍ തമിറാത് ടോള 2 മണിക്കൂര്‍ 5 മിനിറ്റ് 40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ കോഴ്‌സ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

