
ദോഹ: വിദ്യാഭ്യാസ രംഗത്തെ സാമൂഹിക ഉത്തരവാദിത്വവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്ന സുപ്രധാന നടപടിയുടെ ഭാഗമായി ഖത്തറിലെ 46 സ്വകാര്യ സ്‌കൂളുകളും കിന്‍ഡര്‍ഗാര്‍ട്ടനുകളും നാലായിരത്തിലധികം സൗജന്യവും ഇളവുള്ളതുമായ വിദ്യാഭ്യാസ സീറ്റുകള്‍ അനുവദിച്ചു. ഇതിലൂടെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ സമത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ‘സ്വകാര്യ സ്‌കൂളുകളുടെയും കിന്‍ഡര്‍ഗാര്‍ട്ടനുകളുടെയും സാമൂഹിക ഉത്തരവാദിത്വം’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.

പദ്ധതിയില്‍ പങ്കെടുത്ത സ്‌കൂളുകളെയും കിന്‍ഡര്‍ഗാര്‍ട്ടനുകളെയും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതര്‍ ആദരിച്ചു.
സൗജന്യവും ഇളവുള്ളതുമായ സീറ്റുകളുടെ എണ്ണം 4,000ല്‍ അധികമായി ഉയര്‍ന്നതായി മന്ത്രാലയം വെളിപ്പെടുത്തി. സമൂഹ സേവനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം വര്‍ധിച്ചുവരുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പത്ത് വര്‍ഷക്കാലയളവില്‍ സൗജന്യ സീറ്റുകള്‍ക്കായി വരുന്ന മൊത്തം മൂല്യം 18.6 ഖത്തര്‍ റിയാല്‍ ബില്ല്യണിലധികമാകും. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ മേഖലയുടെ ദീര്‍ഘകാല പിന്തുണയുടെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
ചടങ്ങില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലെ അല്‍ നുഐമി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ലൈസന്‍സ് ഉടമകള്‍, സ്വകാര്യ സ്‌കൂളുകളുടെയും കിന്‍ഡര്‍ഗാര്‍ട്ടനുകളുടെയും ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

