
ദോഹ: നിര്‍മിതബുദ്ധിയും (എഐ) ഡിജിറ്റല്‍ സാങ്കേതികവിദ്യകളും എന്‍ജിനീയറിങ്, നിര്‍മാണ മേഖലകളില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദോഹയില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ഖത്തര്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബി ഐ എം) കോണ്‍ഫറന്‍സ് ഒക്ടോബര്‍ 4ന് നടക്കും.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുമാര്‍, കണ്‍സള്‍ട്ടന്റുമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, സ്വകാര്യ മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നിര്‍മാണ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ വിവരങ്ങള്‍ ഏകോപിപ്പിച്ച് കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ സംവിധാനമായ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് ആയിരിക്കും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പദ്ധതി ആസൂത്രണം, നിര്‍മാണം, ആസ്തി പരിപാലനം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയില്‍ പങ്കാളികളായ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും ബി ഐ എം സഹായിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
സിവില്‍, വ്യാവസായിക പദ്ധതികളില്‍ ബി ഐ എം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മാനദണ്ഡങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. ഭൗമശാസ്ത്രപരമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രദര്‍ശിപ്പിക്കാനും ഉപയോഗിക്കുന്ന ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി ഐ എസ്) സംവിധാനവുമായി ബി ഐ എം സംയോജിപ്പിക്കുന്നതും ചര്‍ച്ചയാകും.
നിര്‍മിതബുദ്ധിയുടെ സാധ്യതകളും സമ്മേളനത്തില്‍ വിശദമായി പരിശോധിക്കും. പദ്ധതികളിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുക, ചെലവുകള്‍ നിരീക്ഷിക്കുക, എന്‍ജിനീയറിങ് തീരുമാനങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് പ്രത്യേക സെഷനുകള്‍ നടക്കും.
പരിസ്ഥിതി സൗഹൃദവും വാസ്തുവിദ്യാ മേഖലയിലെ സുസ്ഥിരവുമായ വികസനത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ നല്‍കുന്ന സംഭാവനകളും സമ്മേളനം വിലയിരുത്തും.
എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുമാര്‍, പ്രോജക്ട് മാനേജര്‍മാര്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 120ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയ്ക്കനുസരിച്ച് എന്‍ജിനീയറിങ്, നിര്‍മാണ മേഖലകളെയും മുന്നോട്ട് കൊണ്ടുപോകുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഖത്തര്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സ് ചെയര്‍ അംന അല്‍ നഅമ പറഞ്ഞു. ആധുനിക നിര്‍മാണ പദ്ധതികളുടെ നടത്തിപ്പില്‍ ബി ഐ എം കൂടുതല്‍ പ്രധാനപ്പെട്ട ഘടകമായി മാറുകയാണെന്നും പദ്ധതിയുടെ വിവിധ ഘട്ടങ്ങളും പങ്കാളികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഖത്തറിലെ എന്‍ജിനീയറിങ് മേഖലയിലെ ജീവനക്കാരുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും നിര്‍മിതബുദ്ധിയും മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഭാവിയില്‍ വഹിക്കുന്ന പങ്ക് വിലയിരുത്തുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നതായി അല്‍ നഅമ പറഞ്ഞു.
ഖത്തറിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് പിന്തുണ നല്‍കുകയും ഖത്തര്‍ ദേശീയ ദര്‍ശനം 2030ന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

