
ന്യൂയോര്‍ക്ക്: മധ്യപൂര്‍വദേശത്തെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും ചര്‍ച്ച നടത്തി. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

പ്രധാന പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ ഇരുവരും വിലയിരുത്തി. മധ്യപൂര്‍വദേശത്തെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും മേഖലയില്‍ സമാധാനപരവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളും ചര്‍ച്ചയായി.

ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരുവരും പരിശോധിച്ചു. യു എന്നിന്റെ വിവിധ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും ഖത്തര്‍ നല്കുന്ന പിന്തുണയെ ഗുട്ടറസ് പ്രശംസിച്ചു. ആഗോളതലത്തില്‍ വികസന, മാനുഷിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഖത്തര്‍ വഹിക്കുന്ന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
യു എന്‍ പൊതുസഭയുടെ 81-ാം സമ്മേളനത്തിന്റെ അജന്‍ഡയിലെ പ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനിയും അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
യു എന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

