
ദോഹ: ഏഷ്യന്‍ ഓപ്പണ്‍ ബീച്ച് വോളിബോള്‍ ടൂര്‍ ദോഹ 2026 മത്സരങ്ങള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 13 വരെ ദോഹ വേദിയാകും. ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, തായ്ലന്‍ഡ്, സൗദി അറേബ്യ, ലെബനന്‍, ഇന്തോനേഷ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി പുരുഷ വിഭാഗത്തില്‍ 16 ടീമുകളും വനിതാ വിഭാഗത്തില്‍ 11 ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

പുരുഷ വിഭാഗത്തില്‍ ലോകോത്തര താരങ്ങളായ ഷെരീഫ് യൂനുസ്- അഹമ്മദ് തിജാന്‍ സഖ്യമാണ് ഖത്തറിന്റെ പ്രധാന പ്രതീക്ഷ. 4,660 പോയിന്റുമായി റാങ്കിങ്ങില്‍ മുന്നിലുള്ള ഈ സഖ്യം അടുത്തിടെ ജപ്പാനില്‍ നടന്ന ഐച്ചിനഗോയ 2026 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നാം ഏഷ്യന്‍ ഗെയിംസ് കിരീടമാണ് ഇരുവരും സ്വന്തമാക്കിയത്. 2018-ല്‍ ജക്കാര്‍ത്തപാലെംബാങ്, 2022-ല്‍ ഹാങ്ഷൗ എന്നിവിടങ്ങളില്‍ നടന്ന ഏഷ്യന്‍ ഗെയിംസുകളിലും സഖ്യം സ്വര്‍ണം നേടിയിരുന്നു.

ഏപ്രിലില്‍ ചൈനയിലെ സന്യയില്‍ നടന്ന 2026 ഏഷ്യന്‍ ബീച്ച് ഗെയിംസിലും ഇരുവരും സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 2025- 2026 സീസണിലെ ഏഷ്യയിലെ മികച്ച പുരുഷ ബീച്ച് വോളിബോള്‍ താരങ്ങളായും ഇവരെ തെരഞ്ഞെടുത്തിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഖത്തര്‍ മൂന്ന് ടീമുകള്‍ വീതം അണിനിരത്തും. ഷെരീഫ് യൂനുസ്- അഹമ്മദ് തിജാന്‍ സഖ്യത്തിനൊപ്പം മൂസ അല്‍ ഖൈര്‍- മുഹമ്മദ് ഇഹാബ്, സെയ്ഫ് അല്‍ദീന്‍ അല്‍ മജീദ്- മഹ്മൂദ് ഇസ്സാം സഖ്യങ്ങളും പുരുഷ വിഭാഗത്തില്‍ ഖത്തറിനായി മത്സരിക്കും.
വനിതാ വിഭാഗത്തില്‍ ഹയ അബു ഈസ- ലൈല മുഹമ്മദ്, ശഗഫ് ഇസ്മായില്‍- മലക് ഹാഷിം, ആയിഷ അല്‍ അലവി- നെല്ലി അമര്‍ സഖ്യങ്ങളാണ് ഖത്തറിനെ പ്രതിനിധീകരിക്കുക.
ശനിയാഴ്ച ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും.
തിങ്കളാഴ്ച ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 13 ചൊവ്വാഴ്ച നടക്കും.

