തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകും

Web Desk
2 Min Read

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ 2026 പതിപ്പിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കും ഫൈനലിനും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഖത്തര്‍ വേദിയാകും. ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരങ്ങള്‍ ഡിസംബര്‍ 9, 12, 16 തിയ്യതികളില്‍ ദോഹയില്‍ നടക്കും.

city exchange

2026-ലെ ലോക ക്ലബ് ഫുട്‌ബോളിലെ ചാമ്പ്യന്മാരെ കണ്ടെത്തുന്ന ടൂര്‍ണമെന്റില്‍ ഫിഫ ഡെര്‍ബി ഓഫ് ദ അമേരിക്കാസ്, ഫിഫ ചലഞ്ചര്‍ കപ്പ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നീ കിരീടങ്ങള്‍ക്കായാണ് ടീമുകള്‍ പോരാടുക.

2019, 2020 വര്‍ഷങ്ങളില്‍ പഴയ ഫോര്‍മാറ്റിലും 2024, 2025 വര്‍ഷങ്ങളില്‍ പുതിയ ഫോര്‍മാറ്റിലും ഉള്‍പ്പെടെ നാലു തവണ ഖത്തര്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ്, പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പി എസ് ജി), അല്‍ അഹ്ലി, ഫ്‌ളമെംഗോ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ മുന്‍ പതിപ്പുകളില്‍ പങ്കെടുത്തിരുന്നു.

2025-ലെ ഫൈനലില്‍ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ 42,150 കാണികള്‍ക്കു മുന്നിലാണ് പി എസ് ജി കിരീടം ചൂടിയത്. 2025-26 സീസണിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തിയതോടെ 2026-ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ ഫൈനലില്‍ പി എസ് ജി നേരിട്ട് ഇടംപിടിച്ചിട്ടുണ്ട്.

- Advertisement -
Ad image

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിവിധ ഭൂഖണ്ഡങ്ങളിലെ ചാമ്പ്യന്‍ ക്ലബ്ബുകളെ സ്വാഗതം ചെയ്യുന്നതിലൂടെ ലോകം വീണ്ടും ഖത്തറില്‍ ഫുട്‌ബോളിന്റെ മഹോത്സവത്തിനായി ഒന്നിക്കുമെന്നും മുന്‍ രണ്ട് പതിപ്പുകളുടെ വിജയത്തിന്റെ തുടര്‍ച്ചയായി മറ്റൊരു മികച്ച ടൂര്‍ണമെന്റ് കൂടി സംഘടിപ്പിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയണെന്നും സംഘാടനമികവും വൈദഗ്ധ്യവും ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങളുടെ പാരമ്പര്യവും ഖത്തറിനെ ആഗോള കായിക കേന്ദ്രമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ഖത്തര്‍ കായിക- യുവജനകാര്യ മന്ത്രി കൂടിയായ പ്രാദേശിക സംഘാടക സമിതി ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു.

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2026-നൊപ്പം ഖത്തറില്‍ നടക്കുന്ന പ്രധാന ഫുട്‌ബോള്‍ മേളകളിലൊന്നാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ്. തുടര്‍ച്ചയായി അഞ്ചു പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടാം പതിപ്പ് നവംബര്‍ 19 മുതല്‍ ഡിസംബര്‍ 13 വരെ നടക്കും.

ടൂര്‍ണമെന്റിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയങ്ങളിലേക്ക് പൊതുഗതാഗത സംവിധാനങ്ങളിലൂടെ സുഗമമായി എത്തിച്ചേരാനാകും. ഭിന്നശേഷിക്കാരായ ആരാധകര്‍ക്കും തടസ്സങ്ങളില്ലാതെ മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രധാന സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലെ @RoadtoQatar അക്കൗണ്ടുകള്‍ പിന്തുടരാം.

Share This Article
Leave a Comment
error: Content is protected !!