
ദോഹ: ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ ‘ഫേബിള്‍സ് ഇന്‍ ഫാഷന്‍ 2026’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റ് കൂടിയായ സഹമന്ത്രിയും ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഖത്തറില്‍ വായനാസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ നാഷണല്‍ ലൈബ്രറി നടപ്പാക്കുന്ന ‘ഖത്തര്‍ റീഡ്സ്’ പദ്ധതിയുടെ ഭാഗമായാണ് ബഹുമുഖ കലാപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഈജിപ്ഷ്യന്‍ എഴുത്തുകാരനും കവിയുമായ മുസ്തഫ സാദിഖ് അല്‍ റാഫിഇ രചിച്ച വിഖ്യാത സാഹിത്യകൃതി ‘വഹ്യുല്‍ ഖലം’ സമകാലിക ഫാഷന്‍, ദൃശ്യകലാ രൂപങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

ഖത്തര്‍ നാഷണല്‍ മ്യൂസിയവുമായി സഹകരിച്ചും സാംസ്കാരിക മന്ത്രാലയത്തിന്റെ തന്ത്രപ്രധാന പങ്കാളിത്തത്തോടെയുമാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിലെ താത്ക്കാലിക പ്രദര്‍ശന ഗാലറി ഒന്നില്‍ നവംബര്‍ 28 വരെ പ്രദര്‍ശനം തുടരും.
2026- 2027 കാലയളവില്‍ ഖത്തര്‍ റീഡ്സ് സംഘടിപ്പിക്കുന്ന ‘വണ്‍ ബുക്ക്, വണ്‍ ദോഹ’ എന്ന കൂട്ടായ വായനാ പദ്ധതിയുടെ ഭാഗമായാണ് ഫേബിള്‍സ് ഇന്‍ ഫാഷന്റെ അഞ്ചാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷക്കാലം ഒരു സാഹിത്യകൃതിയെ അടിസ്ഥാനമാക്കി സമൂഹമാകെ വായനയിലും ചര്‍ച്ചകളിലും പങ്കുചേരുന്ന പദ്ധതിയാണിത്. പുസ്തകത്തിന്റെ ആശയങ്ങളെ അച്ചടിച്ച താളുകള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
അല്‍ റാഫിഇയുടെ ‘വഹ്യുല്‍ ഖലം’ എന്ന കൃതിയിലെ ലേഖനങ്ങളും കഥകളും ചിന്തകളും വ്യക്തിത്വം, സമൂഹം, ധാര്‍മികത, ആത്മീയത, ബന്ധങ്ങള്‍, വികാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ ആശയങ്ങള്‍ ഇന്നത്തെ സമൂഹത്തിലും പ്രസക്തമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു.
ഏഴ് ഫാഷന്‍ ഡിസൈനര്‍മാരും 30 ദൃശ്യകലാകാരന്മാരുമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. പുസ്തകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഓരോരുത്തരും തനതായ കലാസൃഷ്ടികള്‍ ഒരുക്കിയിട്ടുണ്ട്.
വസ്ത്രങ്ങളുടെ രൂപകല്‍പ്പന, തുണിത്തരങ്ങള്‍, എംബ്രോയ്ഡറി, നിറങ്ങള്‍, നിര്‍മാണരീതി, പ്രതീകങ്ങള്‍ എന്നിവയിലൂടെയാണ് ഫാഷന്‍ ഡിസൈനര്‍മാര്‍ സാഹിത്യ ആശയങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രരചന, ടെക്സ്റ്റൈല്‍ ആര്‍ട്ട്, ചിത്രീകരണം, മിക്സഡ് മീഡിയ തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെയാണ് ദൃശ്യകലാകാരന്മാര്‍ പുസ്തകത്തിലെ ആശയങ്ങള്‍ക്ക് പുതിയ ആവിഷ്കാരം നല്‍കുന്നത്.
അഹമ്മദ് അല്‍ സാഹിദ്, അമ്ന അല്‍ മിസ്നദ്, വദ അല്‍ അഥ്ബ, ഘാദ അല്‍ സുവൈദി, അലിയ അല്‍ ഒബൈദ്ലി, അബ്ദുല്ല അല്‍ ഫഖ്റൂ തുടങ്ങിയവരാണ് പങ്കെടുക്കുന്ന കലാകാരന്മാരില് ചിലര്‍.
പുസ്തകത്തിലെ വരികള്‍ അതേപടി ചിത്രീകരിക്കുന്നതിനുപകരം സാഹിത്യത്തെ സമകാലിക കലാസൃഷ്ടികള്‍ക്കുള്ള പ്രചോദനമായാണ് പ്രദര്‍ശനം സമീപിക്കുന്നത്. ഒരു സാഹിത്യഭാഗം വസ്ത്രരൂപകല്പ്പനയായി മാറുമ്പോള്‍ ഒരു വികാരം ചിത്രമായും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശയം ആധുനിക കാഴ്ചപ്പാടിലുള്ള കലാസൃഷ്ടിയായും പുനര്‍ജനിക്കുന്നു.
പുസ്തകത്തിലെ ഒരു മുഴുവന്‍ ലേഖനമോ പ്രത്യേക ഭാഗമോ ചിത്രമോ വിശാലമായ ആശയമോ അടിസ്ഥാനമാക്കി കലാകാരന്മാര്ക്ക് സൃഷ്ടികള്‍ ഒരുക്കാം. ഒരൊറ്റ സാഹിത്യകൃതിയില്‍നിന്ന് എത്ര വ്യത്യസ്തമായ കലാവിഷ്കാരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല ഈജിപ്തിന്റെ സാമൂഹിക- സാംസ്കാരിക പശ്ചാത്തലവും അറബ് നവോഥാന പ്രസ്ഥാനമായ ‘അന്നഹ്ദ’യുടെ അന്തരീക്ഷവുമാണ് പ്രദര്‍ശനത്തിന്റെ പ്രധാന പ്രചോദനം. അല്‍ റാഫിഇയുടെ വ്യക്തിത്വവും വളര്‍ന്നുവന്ന സാഹചര്യങ്ങളും അദ്ദേഹം പങ്കെടുത്തിരുന്ന സാഹിത്യസദസ്സുകളും ബാല്യകാലം ചെലവഴിച്ച നഗരത്തിലെ തെരുവുകളും പ്രതിഫലിപ്പിക്കുന്ന മൂന്ന് പരസ്പരബന്ധിതമായ കലാപരിസരങ്ങളിലൂടെയാണ് സന്ദര്‍ശകരെ പ്രദര്‍ശനം നയിക്കുന്നത്.
ഖത്തറിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിലൂടെ സാഹിത്യം, പൈതൃകം, സമകാലിക കലാരൂപങ്ങള്‍ എന്നിവ തമ്മിലുള്ള സംവാദത്തിന് പുതിയ വേദി ഒരുക്കുകയാണെന്ന് ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.
സാഹിത്യവും പൈതൃകവും ആധുനിക ഡിസൈനും ഒത്തുചേരുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും തലമുറകള്‍ക്കിടയില്‍ സംവാദം സൃഷ്ടിക്കുന്ന മുസ്തഫ സാദിഖ് അല്‍ റാഫിഇയുടെ കൃതിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായന ഒരു പുസ്തകം അടച്ചുവെക്കുന്നതോടെ അവസാനിക്കുന്നില്ലെന്നും അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുന്ന ആശയങ്ങളിലും ചര്‍ച്ചകളിലും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും അത് തുടരുകയാണെന്നും ഖത്തര്‍ നാഷണല്‍ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടാന്‍ ഹുയിസം പറഞ്ഞു.
‘വണ്‍ ബുക്ക്, വണ്‍ ദോഹ’ പദ്ധതിയിലൂടെയും നാഷണല്‍ മ്യൂസിയവുമായുള്ള സഹകരണത്തിലൂടെയും അറബി സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാഹിത്യം സമകാലിക സര്‍ഗാത്മകതയുടെ പ്രചോദനമാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന ചോദ്യമാണ് ഡിസൈനര്‍മാര്‍ക്കും കലാകാരന്മാര്ക്കും മുന്നില്‍ വെച്ചതെന്ന് ഖത്തര്‍ റീഡ്സ് മാനേജര്‍ ഫാത്തിമ അല്‍ മല്‍ക്കി പറഞ്ഞു. ഓരോ കലാകാരന്റെയും ആവിഷ്കാരം വ്യത്യസ്തമാണെങ്കിലും അവയെല്ലാം അല്‍ റാഫിഇയുടെ രചനകളില്‍ വേരൂന്നിയതാണെന്നും അവര്‍ വ്യക്തമാക്കി.
പ്രത്യേകിച്ച് യുവതലമുറ പ്രദര്‍ശനം സന്ദര്‍ശിച്ചശേഷം കലാസൃഷ്ടികള്‍ക്ക് പിന്നിലെ ആശയങ്ങള്‍ അറിയാനും അവയ്ക്ക് പ്രചോദനമായ പുസ്തകം വായിക്കാനും താത്പര്യം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
പ്രദര്‍ശനത്തിന് വേദിയൊരുക്കിയ നാഷണല്‍ മ്യൂസിയത്തിനും തന്ത്രപ്രധാന പങ്കാളിയായ സാംസ്കാരിക മന്ത്രാലയത്തിനും പങ്കെടുത്ത ഡിസൈനര്‍മാര്‍ക്കും കലാകാരന്മാര്ക്കും അവര്‍ നന്ദി അറിയിച്ചു.
നവംബര്‍ 28 വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സന്ദര്‍ശിക്കാം. സാഹിത്യവും ഫാഷനും ദൃശ്യകലയും സമന്വയിപ്പിക്കുന്ന ഈ കലാവിരുന്ന് ആസ്വദിക്കുന്നതിനൊപ്പം ‘വഹ്യുല്‍ ഖലം’ എന്ന കൃതിയെ അടുത്തറിയാനും സംഘാടകര്‍ സന്ദര്‍ശകരെ ക്ഷണിച്ചു.

