
ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വി എ ആര്‍) ആയി ഖത്തറിലെ ഖമീസ് അല്‍ മര്‍റിയെ ഫിഫ നിയമിച്ചു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പെയിന്‍- അര്‍ജന്റീന ഫൈനല്‍ മത്സരത്തിലാണ് അദ്ദേഹം വി എ ആര്‍ ചുമതല വഹിക്കുക.

ലോകകപ്പ് ഫൈനലിലെ റഫറിംഗ് സംഘത്തെ ഫിഫയുടെ റഫറീസ് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ലോവേനിയന്‍ റഫറിയായ സ്ലാവ്കോ വിന്‍ചിച്ചാണ് ഫൈനലില്‍ മുഖ്യ റഫറിയാകുന്നത്. അദ്ദേഹത്തെ സഹ റഫറിമാരായ ടോമാസ് ക്ലാന്‍ചനിക്കും ആന്‍ഡ്രാസ് കോവാചിച്ചും സഹായിക്കും.

ജോര്‍ദാനിലെ അദ്ഹം മഖദ്മെഹ് നാലാം റഫറിയായും മുഹമ്മദ് അല്‍ കലാഫ് റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കും.
ലോക ഫുട്‌ബോളിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സ്ലാവ്കോ വിന്‍ചിച്ച് യൂറോപ്യന്‍, അന്താരാഷ്ട്ര തലങ്ങളിലെ നിരവധി പ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. യുവേഫ യൂറോ 2020 ടൂര്‍ണമെന്റില്‍ റഫറിയായിരുന്ന അദ്ദേഹം 2022-ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ ജര്‍മനിയുടെ ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടും സ്‌കോട്ലന്‍ഡിന്റെ റേഞ്ചേഴ്സും തമ്മിലുള്ള മത്സരം നിയന്ത്രിച്ചു.
തുടര്‍ന്ന് 2024-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടും റയല്‍ മാഡ്രിഡും ഏറ്റുമുട്ടിയ മത്സരത്തിനും അദ്ദേഹം റഫറിയായിരുന്നു. യുവേഫ യൂറോ 2024-ലും നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ച വിന്‍ചിച്ച് ഫ്രാന്‍സ്‌സ്പെയിന്‍ സെമിഫൈനലിലും റഫറിയായി പ്രവര്‍ത്തിച്ചു.
ഫിഫ ലോകകപ്പില്‍ വിന്‍ചിച്ചിന്റെ രണ്ടാം സാന്നിധ്യമാണിത്. ഖത്തര്‍ 2022 ലോകകപ്പിലും അദ്ദേഹം രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു.
നിലവിലെ ലോകകപ്പില്‍ ബ്രസീല്‍- മൊറോക്കോ, ജോര്‍ദാന്‍- അള്‍ജീരിയ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും മെക്‌സിക്കോ- ഇക്വഡോര്‍ റൗണ്ട് ഓഫ് 32 മത്സരത്തിനും വിന്‍ചിച്ച് റഫറിയായിരുന്നു.

