
ദോഹ: കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ പരിഷ്കാരങ്ങളും മാറ്റങ്ങളും കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി അക്കാദമി ചെയര്മാന് ജി വേണുഗോപാല്‍ വ്യക്തമാക്കി. ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി കലാകാരന്മാരുടെ കഴിവിനെയും സംഭാവനകളെയും കൂടുതല്‍ പ്രയോജനപ്പെടുത്തുന്ന രീതിയില്‍, ഗള്‍ഫ് രാജ്യങ്ങളിലുള്ള കലാകാരന്മാരെക്കൂടി അക്കാദമിയുടെ സജീവ പ്രവര്‍ത്തനങ്ങളുമായി അടുപ്പിക്കുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗമായി അക്കാദമി ബോര്‍ഡില്‍ എത്തിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. അതിനാല്‍ പെട്ടെന്ന് എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരാന്‍ കഴിയുകയെന്ന് പൂര്‍ണ്ണമായി ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ നാടക, സംഗീത മേഖലകളില്‍ ആവശ്യമായ രീതിയിലുള്ള നിരവധി മാറ്റങ്ങള്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ആവശ്യമായ പരിഗണന ലഭിക്കാതെ അവഗണിക്കപ്പെട്ടതില്‍ നിരാശയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ കാര്യത്തെ കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്നും കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ എന്നും അദ്ദേഹം പറഞ്ഞു.
പഴയ ഗാനങ്ങള്‍ കാലങ്ങളോളം നിലനില്ക്കുമ്പോള് പുതിയ പാട്ടുകള്‍ക്ക് ആയുസ്സില്ലല്ലോ എന്ന ചോദ്യത്തിന് പുതിയ തലമുറയുടെ ഗാനങ്ങളെ അങ്ങനെ തള്ളേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കാലത്ത് തിരുവനന്തപുരത്തു നിന്നും താന്‍ കൊച്ചിയിലെത്തിയത് എട്ടു മണിക്കൂര്‍ കൊണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ രണ്ടു മണിക്കൂറിനകം എത്താനാവുന്നില്ലേ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന് പരുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സ്വാഗതവും ട്രഷറര്‍ രതീഷ് നന്ദിയും പറഞ്ഞു.

