

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പരിസരത്ത് ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതാക ഉയര്‍ത്തുന്നതിനും സാംസ്‌കാരിക പരിപാടി കാണുന്നതിനുമായി സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഐ സി സിയില്‍ എത്തിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയ ഗാനം ആലപിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അംബാസഡര്‍ വായിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശം പിന്തുടരാനും 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന പഞ്ചപ്രാണ പ്രതിജ്ഞയെടുക്കാനും അദ്ദേഹം എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഇന്ത്യന്‍ സമൂഹവുമായി ചേരാന്‍ സാധിച്ചതിന് അംബാസഡര്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വര്‍ഷമെന്ന നാഴികക്കല്ലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിരന്തരമായ പിന്തുണ നല്‍കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തര്‍ ഗവണ്‍മെന്റ് എന്നിവരോടുള്ള നന്ദി അംബാസഡര്‍ അറിയിച്ചു.
ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാനുള്ള തന്റെയും എംബസിയുടെയും പ്രതിബദ്ധതയും അംബാസഡര്‍ പ്രകടിപ്പിച്ചു. എംബസിയുടെ വാതിലുകള്‍ എല്ലായ്പ്പോഴും അവര്‍ക്കായി തുറന്നിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിദേശത്ത് താമസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ രാഷ്ട്രീയ, ഊര്‍ജ, സാമ്പത്തിക, സാംസ്്കാരിക, വിദ്യാഭ്യാസ, ജനസമ്പര്‍ക്കങ്ങള്‍ എന്നിവയിലൂടെ ബഹുമുഖ ബന്ധത്തിന്റെ രൂപീകരണത്തിന് വളരെയധികം മുന്നോട്ട് പോയിട്ടുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 2047ലെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുമ്പ് വികസിത രാഷ്ട്രമായി മാറാനുള്ള ലക്ഷ്യത്തില്‍ ഇന്ത്യ സ്വയം സജ്ജമാക്കിയിരിക്കുന്നതിനാല്‍ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിനെ തങ്ങളുടെ രണ്ടാം ഭവനമായി വികസിപ്പിക്കുന്നതിന് ഇന്ത്യക്കാരുടെ സംഭാവനകളെ അംബാസഡര്‍ അഭിനന്ദിച്ചു. സാംസ്‌കാരിക, ബിസിനസ്, വിദ്യാഭ്യാസ, പ്രൊഫഷണല്‍, ജനങ്ങളുമായുള്ള വിനിമയം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ക്കായി ഐ സി സി, ഐ എസ് സി, ഐ സി ബി എഫ്, ഐ ബി പി സി എന്നീ നാല് അപെക്‌സ് ബോഡികളെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തറില്‍ താമസിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാരിലേക്ക് എത്തിച്ചേരുന്നതില്‍ തങ്ങള്‍ക്കു പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യ- ഖത്തര്‍ ബന്ധങ്ങള്‍ കെട്ടിപ്പടുത്തതിന് അടിത്തറ പാകിയ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. ഇന്ത്യയുടെയും ഖത്തറിന്റെയും വികസനത്തിനും ഇന്ത്യ- ഖത്തര്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അവരവരുടെ കഴിവില്‍ തുടര്‍ന്നും സംഭാവനകള്‍ നല്‍കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യര്‍ഥിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളും കലാകാരന്മാരും അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയും ദേശഭക്തിഗാനങ്ങളും നൃത്തനൃത്യങ്ങളും സ്വാതന്ത്ര്യ ദിനാഘോഷത്തെ സമ്പന്നമാക്കി.

