ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ കൂട്ടായ ഉത്തരവാദിത്വം: ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍

Web Desk
4 Min Read

ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ കൂട്ടായ ഉത്തരവാദിത്വമാണെന്നും പൊതുവായ ഭീഷണികളെ നേരിടാന്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു.

city exchange

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളും സിവിലിയന്‍ കേന്ദ്രങ്ങള്‍, നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍, ഊര്‍ജമേഖല, സമുദ്രസുരക്ഷ എന്നിവ ലക്ഷ്യമിട്ടുള്ള ഭീഷണികളും മേഖലാതലത്തില്‍ ഏകോപിതമായ പ്രതികരണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയുടെ നിര്‍ണായക കേന്ദ്രങ്ങള്‍ക്കും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ സൗദിക്കൊപ്പമുണ്ടാകുമെന്ന് അല്‍ ഗാനിം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടാകും. സൗദിയുടെ സുരക്ഷ ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണത്തിനും സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ചെങ്കടല്‍ എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ഊര്‍ജസുരക്ഷയ്ക്കും വിതരണ സ്ഥിരതയ്ക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും വ്യാപാരത്തിനും നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള രാജ്യം, മേഖലാ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ പരമാധികാരവും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള നിയമപരമായ അവകാശത്തിനൊപ്പം നയതന്ത്ര ശ്രമങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അല്‍ ഗാനിം പറഞ്ഞു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും സംവാദത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ ശൂറാ, പ്രതിനിധി, ദേശീയ, ഉമ്മ കൗണ്‍സിലുകളുടെ സ്പീക്കര്‍മാരുടെ 20-ാമത് പതിവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗള്‍ഫ് പാര്‍ലമെന്റുകള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും പാര്‍ലമെന്ററി നയതന്ത്രത്തിന്റെ പങ്ക് ശക്തിപ്പെടുത്തണമെന്നും അല്‍ ഗാനിം ആവശ്യപ്പെട്ടു. കൂടിയാലോചനകള്‍ വര്‍ധിപ്പിക്കുക, പൊതുനിലപാടുകള്‍ ഏകോപിപ്പിക്കുക, പ്രാദേശിക- അന്തര്‍ദേശീയ പാര്‍ലമെന്ററി വേദികളില്‍ ജി സി സിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുദര്‍ശനം രൂപപ്പെടുത്തുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.

ജി സി സി ജനറല്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപന സംവിധാനങ്ങള്‍ പുനഃപരിശോധിച്ച് വികസിപ്പിക്കണമെന്നും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്ററി മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമനിര്‍മാണ സഭകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും ശുപാര്‍ശകളും നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളുമായുള്ള സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ നവീകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നത് ഭരണനിര്‍വഹണം, സുതാര്യത, ഉത്തരവാദിത്വം എന്നീ തത്വങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അറബ് പാര്‍ലമെന്റിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സൗദി അറേബ്യയെ അദ്ദേഹം അഭിനന്ദിച്ചു.

ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിപൂര്‍ണവും സമഗ്രവുമായ പരിഹാരം കാണേണ്ടതിന്റെ പ്രാധാന്യം അല്‍ ഗാനിം ആവര്‍ത്തിച്ചു. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുകയും അവര്‍ക്കെതിരായ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കുകയും വേണം. 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതടക്കമുള്ള അവരുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിന് ആതിഥേയത്വം വഹിച്ച സൗദി അറേബ്യയ്ക്കും മുന്‍ സമ്മേളന കാലയളവില്‍ അധ്യക്ഷസ്ഥാനം വഹിച്ച ബഹ്റൈനും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ജി സി സി ജനറല്‍ സെക്രട്ടേറിയറ്റിനും അല്‍ ഗാനിം നന്ദി അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങള്‍ ഗള്‍ഫ് പാര്‍ലമെന്റുകള്‍ തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കുന്നതിനും സംയുക്ത നിലപാടുകള്‍ പ്രായോഗിക നടപടികളാക്കി മാറ്റുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യോഗത്തില്‍ പങ്കെടുത്ത ജി സി സി അംഗരാജ്യങ്ങളിലെ പാര്‍ലമെന്റ് സ്പീക്കര്‍മാരും ഗള്‍ഫ് ഐക്യത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു. മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനവും ഏകോപനവും ശക്തിപ്പെടുത്തണമെന്നും അംഗരാജ്യങ്ങളുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടതും അവിഭാജ്യവുമാണെന്നും അവര്‍ വ്യക്തമാക്കി.

ദേശീയ പരമാധികാരവും നിര്‍ണായക അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കുക, സമുദ്രഗതാഗത സുരക്ഷ ഉറപ്പാക്കുക, ഊര്‍ജവിതരണം തടസ്സമില്ലാതെ തുടരുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക-അന്തര്‍ദേശീയ വേദികളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൊതുനിലപാടുകള്‍ ഏകോപിപ്പിക്കുന്നതിനും അന്താരാഷ്ട്ര പാര്‍ലമെന്ററി സ്ഥാപനങ്ങളുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനും പാര്‍ലമെന്ററി നയതന്ത്രം കൂടുതല്‍ സജീവമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. അതേസമയം, സംവാദത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിനൊപ്പം ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്കുള്ള പിന്തുണ തുടരണമെന്നും വ്യക്തമാക്കി.

യോഗത്തിന്റെ സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ ഒരുമിച്ച് പ്രതിരോധിക്കുമെന്ന് വ്യക്തമാക്കി. ജി സി സി രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെയും സൗദി അറേബ്യയ്ക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു.

ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ അടിസ്ഥാനത്തില്‍ സ്വന്തം പരമാധികാരവും സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജി സി സി രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്ക്, ബാബുല്‍ മന്ദബ്, ചെങ്കടല്‍ എന്നിവിടങ്ങളിലെ സുരക്ഷയും സമുദ്രഗതാഗതത്തിന്റെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും പ്രസ്താവന വ്യക്തമാക്കി.

യെമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഫലസ്തീന്‍ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ നീതിപൂര്‍ണവും സമഗ്രവുമായ സമാധാനം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതിസന്ധികളും അപകടസാധ്യതകളും നേരിടുന്നതില്‍ ഏകീകൃത പാര്‍ലമെന്ററി പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ വിഷയങ്ങള്‍ 2027-ലെ സംയുക്ത ഗള്‍ഫ് സെമിനാറിന്റെ പ്രമേയമാക്കാന്‍ യോഗം തീരുമാനിച്ചു. സൗദി അറേബ്യയിലെ ശൂറാ കൗണ്‍സിലായിരിക്കും സെമിനാറിന് ആതിഥേയത്വം വഹിക്കുകയും സംഘാടന ചുമതല നിര്‍വഹിക്കുകയും ചെയ്യുക.

ജി സി സി അംഗരാജ്യങ്ങളിലെ നിയമനിര്‍മാണ സഭകളും യൂറോപ്യന്‍ പാര്‍ലമെന്റും തമ്മില്‍ തന്ത്രപ്രധാനമായ സംവാദ സംവിധാനം രൂപപ്പെടുത്താനുള്ള നിര്‍ദേശത്തിനും യോഗം അംഗീകാരം നല്‍കി. ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റുകളുമായി ഒപ്പുവെച്ച സഹകരണ സംവിധാനത്തെയും യോഗം സ്വാഗതം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!