ഖത്തരി പൈതൃകത്തനിമയുമായി അഭിഭാഷകര്‍ക്ക് പുതിയ ഔദ്യോഗിക വേഷം അവതരിപ്പിച്ച് ഖത്തര്‍ നീതിന്യായ മന്ത്രാലയം

Web Desk
2 Min Read

ദോഹ: ഖത്തറിലെ അഭിഭാഷകര്‍ക്കായി പുതിയ ഔദ്യോഗിക വേഷം (യൂണിഫോം) നീതിന്യായ മന്ത്രാലയം അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട അഭിഭാഷകര്‍ക്ക് പുതിയ വേഷം ബാധകമായിരിക്കും. നീതിന്യായ മന്ത്രിയും മന്ത്രിസഭാകാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദിയാണ് പുതിയ വേഷം ഔദ്യോഗികമായി പുറത്തിറക്കിയത്.

city exchange

ദേശീയ നീതിന്യായ സംവിധാനത്തിന്റെ തനതായ വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും ഖത്തരി സാംസ്‌കാരിക പൈതൃകവുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. പാരമ്പര്യത്തിന്റെ തനിമയും പ്രൊഫഷണല്‍ വേഷവിധാനത്തിന്റെ ആവശ്യകതകളും സമന്വയിപ്പിച്ചാണ് യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീതിന്യായ സംവിധാനത്തിനുള്ളില്‍ അഭിഭാഷകവൃത്തിയുടെ സവിശേഷതയും പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം.

ദേശീയ സ്വത്വത്തിലുള്ള അഭിമാനവും ഖത്തരി പൈതൃകത്തിന്റെ സവിശേഷതകളും പുതിയ വേഷത്തില്‍ പ്രതിഫലിക്കുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന. അഭിഭാഷകവൃത്തിയുടെ മഹത്തായ ദൗത്യം നിര്‍വഹിക്കുമ്പോള്‍ ദേശീയ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതിലൂടെ വ്യക്തമാക്കുന്നു.

അഭിഭാഷകരുടെ തൊഴില്‍പരമായ പദവിയും കോടതികളിലെ പ്രാതിനിധ്യ നിലവാരവും അടിസ്ഥാനമാക്കി നാല് വിഭാഗങ്ങളിലായാണ് പുതിയ വേഷം ക്രമീകരിച്ചിരിക്കുന്നത്. സുപ്രിം അപ്പീല്‍ കോടതിയായ കോര്‍ട്ട് ഓഫ് കാസേഷന്‍, അപ്പീല്‍ കോടതി, പ്രാഥമിക കോടതി എന്നിവിടങ്ങളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്കും പരിശീലനത്തിലുള്ള അഭിഭാഷകര്‍ക്കുമായി വ്യത്യസ്ത വേഷവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അഭിഭാഷകവൃത്തിയിലെ തൊഴില്‍പരമായ വളര്‍ച്ചയും വിവിധ തലങ്ങളിലുള്ള ഉത്തരവാദിത്തങ്ങളും ഇതിലൂടെ വ്യക്തമാകും.

- Advertisement -
Ad image

പുതിയ വേഷം അവതരിപ്പിച്ചുകൊണ്ട് നീതിന്യായ മന്ത്രാലയത്തിലെ ലീഗല്‍ പ്രൊഫഷന്‍ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ കരീം ഹമൂദ് അല്‍ റുവൈലി വിശദീകരിച്ചു. അഭിഭാഷകവൃത്തിയുടെ സ്ഥാപനപരമായ വികസനവും നീതിന്യായ സംവിധാനത്തിനുള്ളിലെ അതിന്റെ പ്രാധാന്യവും ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പരിഷ്‌കരണമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തരി സാംസ്‌കാരിക പൈതൃകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പ്പന ദേശീയ സ്വത്വത്തെയും തൊഴില്‍പരമായ ആവശ്യകതകളെയും ഒരുപോലെ പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുരുഷന്മാര്‍ക്കുള്ള വേഷത്തില്‍ ഖത്തരി ബിഷ്തിനോട് സാമ്യമുള്ള സൂക്ഷ്മമായ എംബ്രോയ്ഡറി ഡിസൈനുകളും വനിതകള്‍ക്കുള്ള വേഷത്തില്‍ കൈത്തുന്നല്‍ അലങ്കാരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിനും വ്യത്യസ്ത നിറങ്ങളും രൂപകല്‍പ്പനകളും നല്‍കിയിട്ടുണ്ട്. പരിശീലന ഘട്ടം മുതല്‍ കോര്‍ട്ട് ഓഫ് കാസേഷനില്‍ വാദിക്കുന്ന തലത്തിലേക്കുള്ള അഭിഭാഷകരുടെ തൊഴില്‍പരമായ വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് നാല് വിഭാഗങ്ങളായുള്ള വേഷക്രമീകരണമെന്നും അല്‍ റുവൈലി പറഞ്ഞു.

പുതിയ വേഷം കേവലം ഔപചാരികമായ മാറ്റമല്ലെന്നും അഭിഭാഷകന്റെ പദവിയും നീതി ഉറപ്പാക്കുന്നതിലുള്ള പങ്കും അടയാളപ്പെടുത്തുന്ന തൊഴില്‍പരവും പ്രതീകാത്മകവുമായ പ്രാധാന്യം അതിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ചടക്കം, മികവ്, ദേശീയ സ്വത്വത്തിലുള്ള അഭിമാനം തുടങ്ങിയ മൂല്യങ്ങള്‍ അഭിഭാഷകവൃത്തിയില്‍ വളര്‍ത്തിയെടുക്കാനും ഈ പരിഷ്‌കാരം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തരി സാംസ്‌കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഏകീകൃത ദൃശ്യസ്വത്വം സൃഷ്ടിക്കുന്നതിലൂടെ അഭിഭാഷകരുടെ കാര്യക്ഷമതയും പ്രവര്‍ത്തനമികവും മെച്ചപ്പെടുത്താന്‍ പുതിയ യൂണിഫോം സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. രാജ്യത്തെ നീതിന്യായ- നിയമ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും അഭിഭാഷകവൃത്തിയുടെ പ്രൊഫഷണല്‍ നിലവാരവും സംഘടനാപരമായ വികസനവും ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!