ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘മെയ്ഡ് ഇന്‍ ഖത്തര്‍’ ചലച്ചിത്ര പ്രദര്‍ശനമുറി; ഖത്തറിന്റെ കഥകള്‍ ഇനി ലോകസഞ്ചാരികള്‍ക്കു മുന്നില്‍

Web Desk
3 Min Read

ദോഹ: ഖത്തറിന്റെ സംസ്‌കാരവും പാരമ്പര്യവും ജീവിതരീതികളും ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ‘മെയ്ഡ് ഇന്‍ ഖത്തര്‍’ ചലച്ചിത്ര പ്രദര്‍ശനമുറി ആരംഭിച്ചു. വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡി-യിലാണ് പ്രത്യേക പ്രദര്‍ശനമുറി ഒരുക്കിയിരിക്കുന്നത്.

city exchange

നവംബര്‍ 8ന് തുടങ്ങിയ പ്രദര്‍ശനം ഡിസംബര്‍ 27 വരെ തുടരും. ഖത്തറി സംവിധായകരുടെയും ഖത്തറിനെ സ്വന്തം വീടായി സ്വീകരിച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെയും തെരഞ്ഞെടുത്ത ഹ്രസ്വചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. യാത്ര പുറപ്പെടുന്നവര്‍ക്കും വിമാനങ്ങള്‍ മാറിക്കയറുന്നതിനായി എത്തുന്നവര്‍ക്കും ഖത്തറിന്റെ ജനജീവിതം, പാരമ്പര്യം, സംസ്‌കാരം, സമകാലിക കാഴ്ചപ്പാടുകള്‍ എന്നിവ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും.

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നടത്തുന്ന സഹകരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ദോഹ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സ്ഥാപനമായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വിമാനത്താവള പങ്കാളിയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പ്രാദേശിക ചലച്ചിത്ര പ്രതിഭകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള വിമാനത്താവളത്തിന്റെ ആഗോള സാധ്യതകളും ഒരുമിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അന്താരാഷ്ട്ര യാത്രക്കാരില്‍ പലര്‍ക്കും ഖത്തറിനെക്കുറിച്ചുള്ള ആദ്യ പരിചയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ്. വിമാനങ്ങള്‍ മാറിക്കയറുന്ന യാത്രക്കാര്‍ക്ക് ചിലപ്പോള്‍ ഖത്തറിനെ പരിചയപ്പെടാനുള്ള ഏക അവസരവും ഇതായിരിക്കും. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വ്യക്തിത്വം, പൈതൃകം, കലാ- സാംസ്‌കാരിക മികവ് എന്നിവ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വിമാനത്താവളത്തിന് സുപ്രധാന പങ്കുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ചലച്ചിത്രങ്ങളിലൂടെ ഖത്തറിന്റെ സര്‍ഗാത്മക സമൂഹവുമായി യാത്രക്കാര്‍ക്ക് വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനാണ് പ്രദര്‍ശനമുറി ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

ഓരോ രാജ്യത്തിനും ലോകം കേള്‍ക്കേണ്ട നിരവധി ശബ്ദങ്ങളുണ്ടെന്നും അവയുടെ പ്രാധാന്യം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ ഒത്തുചേരുന്ന ഇടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ചേര്‍ന്നുള്ള ഈ സംരംഭം ഏറെ അര്‍ഥവത്താണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഫാത്തിമ ഹസ്സന്‍ അല്‍ റുമൈഹി പറഞ്ഞു.

യാത്രയ്‌ക്കൊപ്പം കലാസൃഷ്ടികള്‍ ആസ്വദിക്കാനും പുതിയ അനുഭവങ്ങള്‍ കണ്ടെത്താനും കഴിയുന്ന വേദിയിലേക്ക് ഖത്തറിന്റെ കഥകള്‍ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും രാജ്യത്തെ ജനങ്ങള്‍, കാഴ്ചപ്പാടുകള്‍, സര്‍ഗാത്മകത എന്നിവ പരിചയപ്പെടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യാത്രക്കാര്‍ക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് എത്തി ചിത്രങ്ങള്‍ ആസ്വദിക്കാവുന്ന രീതിയിലാണ് പ്രദര്‍ശനമുറി ഒരുക്കിയിരിക്കുന്നത്. പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ‘മെയ്ഡ് ഇന്‍ ഖത്തര്‍’ മത്സരവിഭാഗത്തില്‍ മികച്ച ആഖ്യാനചിത്രത്തിനുള്ള പുരസ്‌കാരം നേടിയ അമല്‍ അല്‍ മുഫ്തയുടെ ‘സ്മിച’, മികച്ച പ്രകടനത്തിനുള്ള അബ്ദുല്‍ അസീസ് ജാസിം പുരസ്‌കാരം പ്രധാന നടന് ലഭിച്ച നൗഫ് അല്‍ സുലൈത്തിയുടെ ‘ഗുബ്ഗുബ്’ എന്നിവയും പ്രദര്‍ശിപ്പിക്കും.

മഹ അല്‍ ജുഫൈരിയുടെ ‘എ സിംപിള്‍ കട്ട്’, ബുതൈന അല്‍ മുഹമ്മദിയുടെ ‘എബോവ് ദി ടാമറിന്‍ഡ് ട്രീ’, അബ്ദുല്ല അല്‍ ജനാഹിയുടെ ‘ഹോപ്പ്’, ടോണി എല്‍ ഗസാലിന്റെ ‘നാസര്‍ ആന്‍ഡ് ദ ടിക്കറ്റ്’, ഹസ്സന്‍ അല്‍ ജഹ്നിയുടെ ‘എംസഹര്‍’, അബ്ദുല്‍ അസീസ് ഖഷാബിയുടെ ‘ദ അണ്‍ലക്കി ഹാംസ്റ്റര്‍’, നൂറ അല്‍ സുബൈയുടെ ‘അല്‍ജൗഹറ’, മുഹമ്മദ് അല്‍ ഇബ്രാഹിമിന്റെ ‘ലാന്‍ഡ് ഓഫ് പേള്‍സ്’ എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍.

കുടുംബബന്ധങ്ങള്‍, വ്യക്തിത്വം, പാരമ്പര്യം, ഭാവന, ഖത്തറിലെ ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളാണ് ഈ ഹ്രസ്വചിത്രങ്ങള്‍ പ്രമേയമാക്കുന്നത്.

ഖത്തറിന്റെ മണ്ണില്‍ വേരൂന്നിയ ചലച്ചിത്ര പ്രവര്‍ത്തകരെയും അവരുടെ സൃഷ്ടികളെയും അന്താരാഷ്ട്ര യാത്രക്കാരിലേക്ക് എത്തിക്കുന്നതിലൂടെ പ്രാദേശിക സിനിമകള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നേടിക്കൊടുക്കുകയാണ് ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനമുറിയുടെ ലക്ഷ്യം. ഖത്തറിന്റെ സാംസ്‌കാരിക മുഖവും സര്‍ഗാത്മകതയും ലോകത്തിന് പരിചയപ്പെടുത്തുന്ന പുതിയ വേദിയായും ഈ സംരംഭം മാറും.

Share This Article
Leave a Comment
error: Content is protected !!