
ദോഹ: ഇന്ത്യ- ജി സി സി നയതന്ത്ര ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയാകുന്ന അന്താരാഷ്ട്ര സമ്മേളനം ‘കൊച്ചി ഡയലോഗ് 2026’ നവംബര്‍ 18 മുതല്‍ 20 വരെ താജ് വിവാന്ത ഹോട്ടലില്‍ നടക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് നവംബര്‍ 18ന് സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള അംബാസഡര്‍മാര്‍, നയതന്ത്രജ്ഞര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയില്‍ നിന്നും ജി സി സിയില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, പൊതുനയ വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തിന്റെ ഭാഗമാകും.
വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് ഡിവിഷനുമായി സഹകരിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ആണ് ഈ ത്രിദിന ഫോറം സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജി സി സിയും തമ്മിലുള്ള പൊതുവായ മുന്‍ഗണനകളെക്കുറിച്ചും പ്രായോഗിക സഹകരണ സാധ്യതകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം വഴിയൊരുക്കും.

‘ടുവേര്‍ഡ്‌സ് ആന്‍ ഇന്നൊവേറ്റീവ് ആന്‍ഡ് ഇന്റഗ്രേറ്റഡ് ഇന്ത്യ- ജി സി സി പാര്‍ട്ണര്‍ഷിപ്പ്’ (നൂതനവും സംയോജിതവുമായ ഇന്ത്യ- ജി സി സി പങ്കാളിത്തം) എന്ന പ്രമേയത്തിലാണ് 2026-ലെ കൊച്ചി ഡയലോഗ് നടക്കുന്നത്. പരമ്പരാഗത വ്യാപാര ബന്ധങ്ങള്‍ക്കപ്പുറം ഇരുപക്ഷത്തിനും പൊതുതാത്്പര്യമുള്ള പ്രധാന മേഖലകളില്‍ സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉറപ്പാക്കുന്നതിലാണ് ഈ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, വി മുരളീധരന്‍ എം എല്‍ എ, സിയാല്‍ എം ഡി എസ് സുഹാസ്, പി എസ് ഗംഗാധര്‍, യു എ ഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സംഞ്ജയ് സുധീര്‍, കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ സഅദ് ഉഖ്‌ല അല്‍ അലാതി, കെ പി എം ജി ബഹ്‌റൈന്‍ ജമാല്‍ ഫക്രു തുടങ്ങിയവര്‍ കൊച്ചി ഡയലോഗ് ചര്‍ച്ചകളില്‍ പങ്കെടുക്കും.

