ദോഹ 2030 ഏഷ്യന്‍ ഗെയിംസ് പതാക പര്യടനത്തിന് തുടക്കമായി

Web Desk
2 Min Read

ദോഹ: 2030-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ മുന്നോടിയായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ഔദ്യോഗിക പതാക പര്യടനത്തിന് തുടക്കമായി. ദോഹ 2030 ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് വിവിധ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പതാക എത്തിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

city exchange

ജപ്പാനില്‍ നടന്ന 20-ാമത് ഏഷ്യന്‍ ഗെയിംസായ ഐച്ചി-നാഗോയ 2026-ന്റെ സമാപനച്ചടങ്ങില്‍ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ (ഒ സി എ) പതാക ഖത്തറിന് ഔദ്യോഗികമായി കൈമാറിയതിനു പിന്നാലെയാണ് ഈ സംരംഭത്തിന് തുടക്കമായത്.

പര്യടനത്തിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്റെ അക്കാദമിയാത്തി സ്‌കൂള്‍, ഖത്തര്‍ അക്കാദമി, ദോഹ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഖത്തര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഏഷ്യന്‍ ഗെയിംസിന്റെ പതാക നേരിട്ട് കാണാനും വിവിധ കായിക ഇനങ്ങളിലെ താരങ്ങളുമായി സംവദിക്കാനും ഇതിലൂടെ അവസരം ലഭിച്ചു. ചാമ്പ്യന്‍മാരും മെഡല്‍ ജേതാക്കളുമുള്‍പ്പെടെയുള്ള കായികതാരങ്ങളുടെ സാന്നിധ്യം പുതുതലമുറയ്ക്ക് പ്രചോദനമായി.

വരും ആഴ്ചകളില്‍ ഖത്തറിലെ കൂടുതല്‍ സ്‌കൂളുകളിലേക്കും സര്‍വകലാശാലകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും പതാക പര്യടനം വ്യാപിപ്പിക്കും. ദോഹ 2030 ഏഷ്യന്‍ ഗെയിംസിന്റെ ഒരുക്കങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങള്‍, കായികതാരങ്ങള്‍, കുടുംബങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കായികമാമാങ്കവുമായി അടുത്തിടപഴകാനും അതിന്റെ ഭാഗമാകാനുമുള്ള അവസരവും ഇതിലൂടെ ഒരുക്കും.

- Advertisement -
Ad image

ഏഷ്യന്‍ ഗെയിംസിന്റെ പതാക ഖത്തറിലെത്തിയത് ദോഹ 2030-ലേക്കുള്ള പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ദോഹ 2030 ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അഹമ്മദ് അബ്ദുല്ല അല്‍ ബുഐനൈന്‍ പറഞ്ഞു.

ഗെയിംസിന്റെ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും പതാക എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പര്യടനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച്, ഗെയിംസിലേക്കുള്ള ഒരുക്കങ്ങള്‍ക്കൊപ്പം വളരുന്ന പുതുതലമുറയ്ക്ക് ഈ കായികമേളയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും അതിന്റെ അനുഭവത്തിന്റെ ഭാഗമാകാനും അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായികമേഖലയുടെ മൂല്യങ്ങള്‍, അഭിലാഷങ്ങള്‍, ജനങ്ങളെ ഒരുമിപ്പിക്കാനുള്ള കായികരംഗത്തിന്റെ ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ജനങ്ങളുമായി കൂടുതല്‍ ആശയവിനിമയത്തിനും പങ്കാളിത്തത്തിനും പതാക പര്യടനം വഴിയൊരുക്കുമെന്ന് അല്‍ ബുഐനൈന്‍ പറഞ്ഞു. 2030-ല്‍ ഏഷ്യയെ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

ഖത്തര്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെ ഒരുമിപ്പിക്കുന്ന പര്യടനത്തില്‍ സംവേദനാത്മക പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്. ദോഹ 2030 ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചുള്ള പ്രതീക്ഷകളും കാഴ്ചപ്പാടുകളും പങ്കുവെക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുന്നു.

കായികരംഗത്തിന്റെ മൂല്യങ്ങളെയും ലക്ഷ്യബോധത്തെയും കുറിച്ച് ചിന്തിക്കാനും ദോഹയില്‍ 2006-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ പൈതൃകം പുതുതലമുറയുമായി ബന്ധിപ്പിക്കാനും പര്യടനം സഹായിക്കും. ഖത്തറിലെയും ഏഷ്യയിലെയും കായികമേഖലയുടെ വളര്‍ച്ചയില്‍ മറ്റൊരു സുപ്രധാന അധ്യായമായിരിക്കും ദോഹ 2030 ഏഷ്യന്‍ ഗെയിംസ്.

ദോഹ 2030 ഏഷ്യന്‍ ഗെയിംസിനായുള്ള വിപുലമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പതാക പര്യടനം സംഘടിപ്പിക്കുന്നത്. ‘നാം ജീവിക്കുന്ന ഗെയിംസ്’ എന്ന ഗെയിംസിന്റെ പ്രമേയത്തെ അന്വര്‍ഥമാക്കിക്കൊണ്ട് കായികതാരങ്ങളെയും യുവജനങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും കായികരംഗത്തിന്റെ ഏകീകരണശക്തിയിലൂടെ ഒരുമിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!