സാംസ്‌കാരിക പൈതൃക വസ്തുക്കളുടെ അനധികൃത വ്യാപാരം തടയാന്‍ നടപടികള്‍ ശക്തമാക്കി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
3 Min Read

ദോഹ: സാംസ്‌കാരിക പൈതൃക വസ്തുക്കളുടെ അനധികൃത കടത്തും വില്‍പ്പനയും തടയുന്നതിനും ചരിത്രരേഖകളും കൈയെഴുത്തുപ്രതികളും മോഷണത്തില്‍നിന്നും കള്ളക്കടത്തില്‍നിന്നും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ‘ഹിമായ’ പദ്ധതി. വിദഗ്ധ പരിശീലനം, രാജ്യാന്തര സഹകരണം, ചരിത്രരേഖകളുടെ ശാസ്ത്രീയമായ രേഖപ്പെടുത്തല്‍ എന്നിവയിലൂടെയാണ് പദ്ധതി ഈ രംഗത്ത് ഇടപെടുന്നത്.

city exchange

2020-ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി രാജ്യാന്തര ലേലങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച അപൂര്‍വ കൈയെഴുത്തുപ്രതികള്‍ കണ്ടെത്തുകയും ബന്ധപ്പെട്ട ലേല സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ അവയില്‍ ചിലത് വില്‍പ്പനയില്‍നിന്ന് പിന്‍വലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നവംബര്‍ 14-ന് ആചരിക്കുന്ന സാംസ്‌കാരിക പൈതൃക വസ്തുക്കളുടെ അനധികൃത വ്യാപാരത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ സംരക്ഷണ- പരിപാലന കേന്ദ്രം മേധാവി മാക്‌സിം നസ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രരേഖകളുടെ സംരക്ഷണത്തിന് സാംസ്‌കാരിക സ്ഥാപനങ്ങളും നിയമപാലന ഏജന്‍സികളും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ലൈബ്രറികള്‍, ആര്‍ക്കൈവുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കസ്റ്റംസ്, അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുന്നുണ്ട്. ചരിത്രപരമായ കൈയെഴുത്തുപ്രതികള്‍ തിരിച്ചറിയുക, രേഖപ്പെടുത്തുക, കൈകാര്യം ചെയ്യുക, അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളും നിയമങ്ങളും മനസ്സിലാക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

- Advertisement -
Ad image

2021-ല്‍ ഒരു ലേലത്തില്‍ വില്‍പ്പനയ്ക്ക് എത്തിയ പതിനഞ്ചാം നൂറ്റാണ്ടിലെ അപൂര്‍വ ഖുര്‍ആന്‍ കൈയെഴുത്തുപ്രതിയുടെ ഭാഗം കണ്ടെത്തിയതാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. ഈ രേഖ 2016-ല്‍ അഫ്ഗാന്‍ ദേശീയ ആര്‍ക്കൈവില്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നതാണ്. ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഇടപെടലിനും തെളിവുകള്‍ സഹിതമുള്ള രേഖകള്‍ സമര്‍പ്പിച്ചതിനും പിന്നാലെ ലേലത്തില്‍നിന്ന് ഇത് പിന്‍വലിച്ചു. ഇതേ ശേഖരത്തില്‍പ്പെട്ടതെന്ന് കരുതുന്ന മറ്റ് എട്ട് കൈയെഴുത്തുപ്രതികളും തിരിച്ചറിഞ്ഞു.

സാംസ്‌കാരിക പൈതൃക വസ്തുക്കളുടെ അനധികൃത വ്യാപാരം തടയുന്നതിനായി 2022-ല്‍ ആരംഭിച്ച ദോഹ ശില്‍പ്പശാലകള്‍ പിന്നീട് രാജ്യാന്തര സമ്മേളനമായി വികസിപ്പിച്ചതായും നസ്‌റ പറഞ്ഞു. 2025 സെപ്റ്റംബറില്‍ നടന്ന നാലാമത് സമ്മേളനത്തില്‍ 20-ലധികം രാജ്യങ്ങളില്‍നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

2024-ല്‍ ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസുമായി ലൈബ്രറി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ഖത്തറിലും മൊറോക്കോയിലും കസ്റ്റംസ്, നിയമപാലന ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടികളും നടത്തി. ഇസ്ലാമിക വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സംഘടനയായ ഐസെസ്‌കോയുമായി സഹകരിച്ചായിരുന്നു ഈ പരിശീലനം.

സാംസ്‌കാരിക പൈതൃക വസ്തുക്കളുടെ ആധികാരികതയും ഉറവിടവും പരിശോധിക്കുന്നതിനും ലേല സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങളും മോഷ്ടിക്കപ്പെട്ട പൈതൃക വസ്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനുമായി ഞായറാഴ്ച രാജ്യാന്തര ഓണ്‍ലൈന്‍ സെമിനാറും സംഘടിപ്പിക്കും. ഖത്തര്‍, ഒമാന്‍, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.

2015 ഓഗസ്റ്റ് മുതല്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ഐഎഫ്എല്‍എ പ്രാദേശിക സംരക്ഷണ- പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയിലെ ആയിരത്തിലധികം വിദഗ്ധര്‍ കേന്ദ്രത്തിന്റെ പരിശീലന പരിപാടികളിലൂടെ പ്രയോജനം നേടിയിട്ടുണ്ട്. 2020-ലെ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തില്‍ നാശനഷ്ടമുണ്ടായ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കിയതിനൊപ്പം സനാ, ഗാസ എന്നിവിടങ്ങളിലെ കൈയെഴുത്തുപ്രതികളും ചരിത്രരേഖകളും സംരക്ഷിക്കുന്നതിനും സാങ്കേതിക സഹായം ലഭ്യമാക്കിയിട്ടുണ്ട്.

നിയമനിര്‍മാണം, നിയമപാലനം, സാങ്കേതിക വൈദഗ്ധ്യം, രാജ്യാന്തര സഹകരണം എന്നിവ സംയോജിപ്പിച്ചുള്ള സമീപനമാണ് സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന് ആവശ്യമെന്ന് നസ്‌റ പറഞ്ഞു.

ദോഹ രാജ്യാന്തര സമ്മേളന പരമ്പര വിപുലീകരിക്കുക, കൂടുതല്‍ രാജ്യങ്ങളിലേക്ക് കസ്റ്റംസ് പരിശീലനം വ്യാപിപ്പിക്കുക, ചരിത്രരേഖകള്‍ സൂക്ഷിക്കുന്ന സ്ഥാപനങ്ങളുടെ ദുരന്തനിവാരണ ശേഷി വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഇസ്ലാമിക കൈയെഴുത്തുപ്രതികള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുക, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറബിക് മാനുസ്‌ക്രിപ്റ്റ്‌സുമായുള്ള ധാരണാപത്രം സജീവമാക്കുക, സര്‍വകലാശാലകള്‍, ലേല സ്ഥാപനങ്ങള്‍, സ്വകാര്യ ശേഖരര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുക, സംയുക്ത ധനസഹായ പദ്ധതികള്‍ വികസിപ്പിക്കുക, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തലും നിരീക്ഷണവും മെച്ചപ്പെടുത്തുക തുടങ്ങിയവയും പരിഗണനയിലുണ്ട്.

Share This Article
Leave a Comment
error: Content is protected !!