ഖത്തര്‍ അമീറും ജര്‍മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

കോനിഗ്സ്വിന്റര്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജര്‍മനിയിലെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാന പ്രധാനമന്ത്രി ഹെന്‍ഡ്രിക് വൂസ്റ്റുമായി കൂടിക്കാഴ്ച നടത്തി. ജര്‍മനിയിലെ ഡ്രാക്കന്‍ബര്‍ഗ് കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

city exchange

ഊഷ്മളമായ സ്വീകരണത്തിന് അമീര്‍ നന്ദി അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സഹകരണവും വികസനവും വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. വ്യവസായ- ഗവേഷണ മേഖലകളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമീര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അമീറിന്റെ സന്ദര്‍ശനം ഇരുവിഭാഗങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ ആഴവും ശക്തമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണെന്ന് ഹെന്‍ഡ്രിക് വൂസ്റ്റ് പറഞ്ഞു. അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച സാമ്പത്തിക- രാഷ്ട്രീയ നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ജര്‍മന്‍ സമ്പദ്വ്യവസ്ഥയിലും പ്രത്യേകിച്ച് നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയുടെ വികസനത്തിലും ഖത്തര്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, സഹകരണത്തിന് പുതിയ മേഖലകള്‍ കണ്ടെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു. പരസ്പര താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ചയായി.

- Advertisement -
Ad image

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാസേനാ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി തുടങ്ങിയവരും ഖത്തര്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജര്‍മന്‍ ഭാഗത്തുനിന്ന് സംസ്ഥാന ഉപപ്രധാനമന്ത്രിയും സാമ്പത്തികം, വ്യവസായം, കാലാവസ്ഥാ സംരക്ഷണം, ഊര്‍ജം എന്നീ വകുപ്പുകളുടെ മന്ത്രിയുമായ മോണ ന്യൂബോര്‍, ഫെഡറല്‍, യൂറോപ്യന്‍, അന്താരാഷ്ട്ര കാര്യങ്ങളുടെയും മാധ്യമങ്ങളുടെയും മന്ത്രി നഥാനിയേല്‍ ലിമിന്‍സ്‌കി തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

തുടര്‍ന്ന് അമീറിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും ആദരസൂചകമായി നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ പ്രധാനമന്ത്രി വിരുന്ന് ഒരുക്കി.

Share This Article
Leave a Comment
error: Content is protected !!