
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കു ശേഷം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഇന്ത്യയിലേക്കുള്ള ആദ്യ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. കോവിഡും ലോക്ക്ഡൗണും മൂലം നാശത്തിന്റെ വക്കിലെത്തിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ എട്ട് പദ്ധതികള്‍ നടപ്പാക്കുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.
സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് 2022 മാര്‍ച്ച് 31 വരെയായിരിക്കും പ്രാബല്യം. പ്രസ്തുത കാലാവധിക്കു മുമ്പ് ഇത്രയും പേര് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ നേടുകയാണെങ്കില്‍ പദ്ധതി നേരത്തെ തന്നെ അവസാനിക്കും. ടൂറിസ്റ്റുകള്‍ക്ക് ഒരു തവണയാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
കോവിഡ് പുനരുജ്ജീവന പദ്ധതിയുടെ ആകെ സാമ്പത്തിക ബാധ്യത 100 കോടി രൂപയായിരിക്കും. കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളാണ് യാത്രയും ടൂറിസവും. ടൂറിസത്തില്‍ നിന്നും വലിയ വരുമാനം ലഭിക്കുന്ന ഗോവ, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായത്.
കേരളത്തിന് 15,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കഴിഞ്ഞ മെയ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
2019ല്‍ 10.93 ദശലക്ഷം സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചതെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. വിനോദത്തിനും മറ്റുകാര്യങ്ങള്‍ക്കും ബിസിനസിനുമായി ഇവര്‍ ഏകദേശം 31 ബില്യന്‍ ഡോളറാണ് ചെലവഴിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രസ്തുത കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയാനാവുക. കണക്കുകള്‍ പ്രകാരം ശരാശരി ഒരു വിനോദ സഞ്ചാരി 21 ദിവസമാണ് താമസിച്ചത്. പ്രതിദിനം 34 ഡോളറിന് തുല്യമായ 2400 രൂപയാണ് അവര്‍ ചെലവഴിച്ചത്.
ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് 994 ട്രാവല്‍ ആന്റ് ടൂറിസം ഓഹരിപങ്കാളികള്ക്കും പ്രാദേശികമായോ സംസ്ഥാനതലത്തിലോ ലൈസന്‍സുള്ള 10700 ഗൈഡുകള്‍ക്കും പുതിയ വായ്പാ ഗ്യാരണ്ടി സ്കീമും മന്ത്രി പ്രഖ്യാപിച്ചു. ചില പരിധികളില്‍ വായ്പകള്‍ക്ക് 100 ശതമാനം വരെ ഗ്യാരണ്ടി നല്‍കുമെന്നും അവര്‍ അറിയിച്ചു. ഏജന്‍സികള്‍ക്ക് ടി ടി എസിന് 10 ലക്ഷം രൂപയും ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് പരിധി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോകമെമ്പാടും ടൂറിസം മേഖലയ്ക്ക് 2020ല്‍ 1.3 ട്രില്യന്‍ ഡോളര്‍ നഷ്ടം സംഭവിച്ചതായാണ് ഐക്യരാഷ്ട്രസഭ ജനുവരിയില്‍ പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും മോശം ടൂറിസം വര്‍ഷവുമായിരുന്നു കഴിഞ്ഞു പോയത്.

