

സാന്റിയാഗോ: ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. ഞായറാഴ്ചയായിരുന്നു ചിലിയില്‍ തെരഞ്ഞെടുപ്പ്. നിരവധി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ച രാജ്യത്ത് ഏറെ നിര്‍ണായകമായിരുന്നു തെരഞ്ഞെടുപ്പ്.

സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ഇടതുപക്ഷ പാര്‍ട്ടിയാണ് സോഷ്യല്‍ കണ്‍വേര്‍ജെന്‍സ്. ഇവര്‍ ആദ്യമായാണ് ചിലിയില്‍ അധികാരത്തിലെത്തുന്നത്. പട്ടാള ഏകാധിപത്യ ഭരണങഅങളെ ശക്തമായി എതിര്‍ത്ത ചിലിയിലെ മുന്‍ വിദ്യാര്‍ഥി നേതാവ് കൂടിയാണ് 35കാരനായ ഗബ്രിയേല്‍ ബോറിക്. ഇദ്ദേഹത്തിന്റെ എതിരാളിയായ അന്റോണിയോ കാസ്റ്റാകട്ടെ പട്ടാള ഭരണങ്ങളോട് അനുകൂല സമീപനങ്ങളാണ് സ്വീകരിച്ചിരുന്നത്. 2019ലും 2020ലും അഴിമതിക്കും അസമത്വത്തിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ബോറിക് നേതൃത്വം നല്‍കിയിരുന്നു.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യങ്ങളിലൊന്നായ ചിലി സാമ്പത്തിക അസമത്വം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് നിലവില്‍. രാജ്യത്തെ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അതിനെ നേരിടുന്നതിന് നൂതനമായ പരിഷ്കരണങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു വിജയത്തിന് ശേഷം ബോറിക്കിന്റെ ആദ്യ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ 25 ശതമാനം സ്വത്തും ജനസംഖ്യയുടെ ഒരു ശതമാനം പേരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അധികാരമേല്‍ക്കുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണകര്ത്താക്കളിലൊരാളാകും ഗബ്രിയേല്‍ ബോറിക്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണകര്ത്താവുമായിരിക്കും അദ്ദേഹം.

