
ന്യൂഡല്‍ഹി: രണ്ടു പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ എന്തിനാണ് പുനഃസംഘടനയെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. രണ്ട് പേര്‍ മാത്രം ഭരണയന്ത്രം തിരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിന്നെന്തിനാണ് പുനസംഘടനയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
രണ്ട് പേര്‍ മാത്രം ഭരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഇവിടെ എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. മന്ത്രിസഭയിലെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രി മോദിയും അമിത് ഷായും കൂടി ചേര്‍ന്നാണ്. പിന്നെന്തിനാണ് പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുന്നത്? യജമാനന്റെ തോല്‍വിയുടെ പഴി ഇവര്‍ക്കും കൂടി കേള്‍ക്കാനാണോ?- പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
മന്ത്രിസഭാ പുനസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണെന്നും വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണെന്നും സുര്‍ജേവാല പറഞ്ഞു. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

