

കൊച്ചി: കുട്ടികളില്‍ ജന്മനാ ബാധിക്കുന്ന ഡയഫ്രമാറ്റിക് ഹെര്‍ണിയ എന്ന ഗുരുതര രോഗത്തോടൊപ്പം കിഡ്നിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ഹൈഡ്രോ നെഫ്രോസിസ് എന്ന അവസ്ഥയും സ്ഥിരീകരിച്ച അഞ്ച് വയസുകാരന് ലാപ്രോസ്കോപിക് (കീ ഹോള്‍) സര്‍ജറിയിലൂടെ സാധാരണ ജീവിതത്തിലേക്ക്. വി പി എസ് ലേക്ഷോറിലെ യൂറോളജി വിഭാഗമാണ് അത്യപൂര്‍വ്വമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചത്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ജന്മനാ ഉണ്ടായ ഡയഫ്രമാറ്റിക് ഹെര്‍ണിയയും ഹൈഡ്രോ നെഫ്രോസിസും ലാപ്രോസ്കോപിക് ശസ്ത്രക്രിയയിലൂടെ പരിഹരിക്കപ്പടുന്നത്.

ജനിച്ച് ആറ് മാസം മുതല്‍ കുട്ടിക്ക് ഇടയ്ക്കിടെ ചുമയും പനിയും ഛര്‍ദ്ദിലും മറ്റ് അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇടത് വശത്തെ ഡയഫ്രമില്‍ ആറ് സെന്റി മീറ്റര്‍ വലുപ്പമുള്ള ഹെര്‍ണിയ കണ്ടെത്തുന്നത്. അതുവഴി ആന്തരിക അവയവങ്ങളായ കുടലും ഇടത് കിഡ്നിയും മുകളിലേക്ക് കയറി വരുകയും കിഡ്നിയില്‍ ജന്മനാ ഉണ്ടായ തടസംമൂലം ഹൈഡ്രോ നെഫ്രോസിസ് ഉണ്ടാവുകയും ആയിരുന്നു. (വൃക്കയെ മൂത്രാശയവുമായി ബന്ധിപ്പിക്കുന്ന ട്യൂബിലെ തടസ്സം മൂലമാണ് ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നത്.) അടുത്തകാലത്ത് വയറിന്റെ ഇടത് ഭാഗത്ത് കഠിനമായ വേദനയും ഇടയ്ക്കിടെ ഛര്‍ദ്ദിലും അനുഭവപ്പെട്ടിരുന്നു.

കണക്കുകള്‍ അനുസരിച്ച് പതിനാറായിരത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ജന്മനാ ഡയഫ്രമാറ്റിക് ഹെര്‍ണിയ ഉണ്ടാകുന്നത്. അതില്‍ തന്നെ നെഞ്ചിനുള്ളില്‍ വൃക്ക സ്ഥിതി ചെയ്യുന്ന കേസുകള്‍ 140 എണ്ണം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. ഡയഫ്രമാറ്റിക് ഹെര്‍ണിയയും തൊറാസിക് കിഡ്നി ഹൈഡ്രോ നെഫ്രോസിസും ഓപ്പണ്‍ സര്‍ജറിയിലൂടെ പരിഹരിക്കപ്പെട്ട ഒരു കേസ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു കേസില്‍ ലാപ്രോസ്കോപിക് സര്‍ജറിയിലൂടെ മെഷ് വെച്ച് ഹെര്‍ണിയ റിപ്പയര്‍ ചെയ്യുന്നതോടൊപ്പം പൈലോപ്ലാസ്റ്റിയിലൂടെ കിഡ്നി റിപ്പയര്‍ ചെയ്യുന്നതും ഇതാദ്യമായാണ്.
2021 നവംബര്‍ 10നാണ് കുട്ടിയില്‍ ശസ്ത്രക്രിയ നടക്കുന്നത്. ഓപ്പറേഷന് ശേഷം ജനുവരിയില്‍ സ്റ്റെന്റ് മാറ്റുകയും പിന്നീട് നടത്തിയ പരിശോധനയില്‍ രണ്ട് വൈകല്യങ്ങളും കീഹോള്‍ ശസ്ത്രക്രിയിലൂടെ പരിഹരിക്കാന്‍ സാധിച്ചുവെന്നും കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്നും യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം തലവന്‍ ഡോ. ജോര്‍ജ് പി എബ്രഹാം പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഡോ. ജോര്‍ജ് പി എബ്രഹാമിന് പുറമെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഡാട്സണ്‍ ജോര്‍ജ് പി, ഡോ. വിനീത്, ഡോ. സാം എന്നിവരും ഭാഗമായിരുന്നു.

