

മക്ക: സ്‌നേഹം, ഐക്യം എന്നിവക്ക് പ്രാമുഖ്യം നല്‍കി ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും മറക്കണമെന്ന് അറഫയിലെ മസ്ജിദു നമിറയിലെ അറഫാ ഖുതുബയില്‍ ശൈഖ് യൂസുഫ് ബിന്‍ സഈദ്. ഭാഷയുടെയും നിറങ്ങളുടെയും വംശങ്ങളുടെയും വൈവിധ്യം സംഘര്‍ഷത്തിന്റെയും ഭിന്നതയുടെയും ന്യായീകരണമല്ലെന്നും അത് പ്രപഞ്ചത്തിലെ ദൈവദൃഷ്ടാന്തമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും മത്തിന്റെയും ലോകത്തിന്റെയും നന്മയിലൂന്നിയുള്ള ഐക്യമാണ് ആവശ്യമെന്നും അദ്ദേഹം ഖുതുബയില്‍ പറഞ്ഞു.

നന്മകള്‍ സാക്ഷാത്കരിക്കപ്പെടുകയും തിന്മകള്‍ ഇല്ലാതാക്കപ്പെടുകയും ചെയ്യണം. അതിലൂടെ ഭക്തിയും സഹവര്‍ത്തിത്വവും നേടണം. സത്യത്തെ പിന്തുണക്കുകയും അസത്യത്തെ പരാജയപ്പെടുത്തുകയും ചെയ്യണം. ഭക്തിയിലൂന്നിയ ജീവിതം നയിക്കുകയും അല്ലാഹു നിരോധിച്ചതിനെ വെടിഞ്ഞും കല്‍പ്പിച്ചതിനെ അനുസരിച്ചും ജീവിക്കണമെന്നും എങ്കില്‍ മാത്രമേ ഇഹലോകത്തും പരലോകത്തും വിജയിക്കുകയുള്ളൂവെന്നും ശൈഖ് യൂസുഫ് ഓര്‍മപ്പെടുത്തി.
തര്‍ക്കങ്ങളുള്ള സമയത്ത് ഖുര്‍ആനിലേക്കും വിശുദ്ധ നബിചര്യയിലേക്കും മടങ്ങണം. ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ക്കും ഗോസിപ്പുകള്‍ക്കും പിന്നില്‍ സഞ്ചരിക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് നന്മ ചെയ്തവര്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ആരെങ്കിലും നിങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്താല്‍ അവന് പ്രതിഫലം നല്‍കുകയും വേണം. നിങ്ങള്‍ അവനെ കണ്ടെത്തിയില്ലെങ്കില്‍ അവനുവേണ്ടി പ്രാര്‍ഥിക്കുക എന്ന് ഹദീസിലുണ്ട്.
തിരുഗേഹങ്ങളുടെ സേവനത്തില്‍ മുഴുകുന്നവര്‍ നന്മ ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് വേണ്ടി കഠിനപ്രയത്‌നം നടത്തുന്നവരാണ്. തിരുഗേഹങ്ങളുടെ സേവകനും കിരീടാവകാശിയും അവര്‍ക്ക് നേതൃത്വം നല്‍കുന്നു. അവര്‍ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക. നിങ്ങള്‍ക്കും നിങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും നിങ്ങള്‍ പ്രാര്‍ഥിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

