ആഘോഷങ്ങളും ആരവങ്ങളുമില്ല; യുദ്ധവിരുദ്ധ സന്ദേശങ്ങളില്‍ യുക്രെയ്ന്‍ പവലിയന്‍

Web Desk
1 Min Read

ദുബൈ: ആഘോഷങ്ങളുടെ ആരവമില്ലാതെ യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ കലവറയായി ദുബൈ എക്‌സ്‌പോ 2020ലെ യുക്രെയ്ന്‍ പവലിയന്‍. സന്ദര്‍ശിക്കുന്നവരെല്ലാം റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനെതിരെ സന്ദേശങ്ങള്‍ പതിച്ച ശേഷമാണ് പവിലിയനില്‍ നിന്നു പുറത്തു കടക്കുന്നത്.

city exchange

യുക്രെയ്ന്‍ പവിലിയനില്‍ ഇപ്പോള്‍ ജനങ്ങള്‍ പ്രവേശിക്കുന്നത് യുദ്ധവിരുദ്ധതയുടെ ഭാഗമാവാന്‍ വേണ്ടിയാണ്. ഇതിനായി എത്ര സമയവും അവര്‍ ക്ഷമയോടെ വരിയില്‍ കാത്തു നില്‍ക്കും. ഓപര്‍ച്യൂണിറ്റി മേഖലയിലുള്ള യുക്രെയിന്റെ ഇരുനില പവലിയനില്‍ അതുകൊണ്ടു തന്നെ പതിവില്‍ കവിഞ്ഞ ആള്‍ത്തിരക്കുമുണ്ട്. വിവിധ രാജ്യക്കാരയ കുട്ടികളും കുടുംബങ്ങളുമെല്ലാം പവലിയനിലെത്തി കൊച്ചു കടലാസുകളില്‍ അവരുടെ ഭാഷയില്‍ യുദ്ധത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കുകയാണ്.

ശക്തരായി നിലയുറക്കുക, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്, യുദ്ധം ഒന്നിനും പരിഹാരമല്ല, സമാധാന വാഹകരാവുക തുടങ്ങിയ സന്ദേശങ്ങള്‍ പവലിയന്‍ ഭിത്തികളെ വര്‍ണാഭമാക്കിയിരിക്കുന്നു. ചിലര്‍ മലയാളത്തിലും സന്ദേശമെഴുതി യുദ്ധവിരുദ്ധത പ്രകടിപ്പിച്ചു. പ്രവേശന കവാടം മുതല്‍ പവലിയന്റെ ഓരോ അടരുകളിലും യുദ്ധവിരുദ്ധ കുറിപ്പുകളാണ് നിറഞ്ഞിരിക്കുന്നത്.

- Advertisement -
Ad image

കാറ്റാടി യന്ത്രങ്ങള്‍ക്കു നടുവിലുള്ള ഗോതമ്പു പാടങ്ങള്‍ കടന്നാണു മുകളിലെ നിലയിലേക്ക് സന്ദര്‍ശകര്‍ കടക്കുക. അവിടെ വൊളണ്ടിയര്‍മാര്‍ സന്ദേശങ്ങള്‍ എഴുതാനുള്ള കടലാസ് കഷണങ്ങള്‍ നല്‍കുന്ന തിരക്കിലാണ്. കലാപരിപാടികള്‍ക്കു വേണ്ടിയുള്ള വേദി നിശ്ചലമായിരിക്കുന്നു. യുക്രെയിന്റെ സാങ്കേതിക രംഗത്തുള്ള കുതിപ്പ് പ്രതിഫലിപ്പിക്കുന്ന ഹാളില്‍ സന്ദര്‍ശകര്‍ മാത്രമാണുള്ളത്. സ്‌ക്രീനുകളില്‍ വിനോദ സഞ്ചാരികളെ സ്വദേശത്തേക്ക് സ്വാഗതം ചെയ്യുന്ന പ്രദര്‍ശനങ്ങളൊന്നും കണ്ടില്ല. പകരം ‘സ്റ്റാന്‍ഡ് വിത്ത് യുക്രെയ്ന്‍’ എന്ന വലിയ അക്ഷരങ്ങള്‍ മാത്രം. നിസ്സഹായതയോടെ സഹായം ഇരക്കുന്ന ഒരു ജനതയുടെ ഇരമ്പല്‍ അതു മെഗാ സന്ദര്‍ശകരിലുണ്ടാക്കും.

പവലിയനിലെങ്ങും ദുഃഖം തളം കെട്ടി നില്‍ക്കുന്ന പ്രതീതിയാണ്. ഒരു നാടിന്റെ നെടുവീര്‍പ്പ് അലയടിക്കുന്ന പോലെ ആളുകള്‍ക്ക് അനുഭവപ്പെടും.

യുദ്ധത്തിനെതിരെ ഒരു സന്ദേശമെങ്കിലും പതിച്ച നിര്‍വൃതിയോടെയാണ് ഓരോ സന്ദര്‍ശകരും പവലിയന്റെ പുറത്തു കടക്കുന്നത്. യുദ്ധം യുക്രെയിനില്‍ നാശം വിതയ്ക്കുന്നതിനാല്‍ പവിലിയനില്‍ കണ്ട പുരോഗതിയുടെ പ്രതാപം കരിങ്കടലിന്റെ നാടിനു തിരിച്ചു പിടിക്കാനാകണമെങ്കില്‍ കാലങ്ങളോളം കാത്തിരിക്കേണ്ടി വരും.

Share This Article
Leave a Comment
error: Content is protected !!