

ദോഹ: സാംസ്‌കാരികവും സാമൂഹികവുമായ സ്വത്വം സംരക്ഷിക്കുന്നതില്‍ അറബി ഭാഷയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി ഖത്തര്‍ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിച്ചു.

‘വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ എന്ന പ്രമേയത്തിലുള്ള പരിപാടി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസറിന്റെ സാന്നിധ്യത്തിലാണ് നടത്തിയത്.

‘അറബി ഭാഷ സംരക്ഷിക്കുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്’ എന്ന ഉദ്ഘാടന സെഷനില്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ, സാമൂഹിക വികസന, കുടുംബ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി, ജോര്‍ദാനിലെ റോയല്‍ സയന്റിഫിക് സൊസൈറ്റി പ്രസിഡന്റ് പ്രിന്‍സസ് സുമയ ബിന്‍ത് എല്‍ ഹസ്സന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി, ഹരിരി ഫൗണ്ടേഷന്‍ പ്രസിഡന്റ് ബഹിയ ഹരിരി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പാനല്‍ ചര്‍ച്ചകള്‍ നടന്ന പരിപാടിയില്‍ പ്രധാനമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അറബി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് ‘റസീഖ്’ സംരംഭത്തിന്റെയും ‘ലെറ്റ്‌സ് സ്പീക്ക് അറബിക്’ കാമ്പെയ്നിന്റെയും ഉദ്ഘാടനവും നടന്നു.
‘അറബ് രാഷ്ട്രങ്ങള്‍ എന്ന നിലയില്‍, നമ്മുടെ അന്താരാഷ്ട്ര സ്‌കൂളുകളില്‍ ദ്വിഭാഷ നടപ്പിലാക്കുന്നതില്‍ നാം ഏകീകൃത നിലപാട് സ്വീകരിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലുടനീളമുള്ള അന്താരാഷ്ട്ര സ്‌കൂളുകളില്‍ അറബി ഭാഷ സംരക്ഷിക്കുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണ്’- ശൈഖ മോസ പറഞ്ഞു.

