
അമ്മാന്‍: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഈജിപ്ത് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ, വിദേശത്തുള്ള ഈജിപ്തുകാരുടെ കാര്യ മന്ത്രി ഡോ. ബദര്‍ അബ്ദുലാത്തിയുമായി കൂടിക്കാഴ്ച നടത്തി.

അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അനധികൃത ഇസ്രയേല്‍ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെ അന്താരാഷ്ട്ര തലത്തില്‍ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച അറബ് മന്ത്രിതല സമിതി യോഗത്തിന്റെ ഭാഗമായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് കൂടിക്കാഴ്ച നടന്നത്.

ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രത്യേകിച്ച് അധിനിവേശ ജറുസലേമിനെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ നടപടികള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത ഏകോപനവും ചര്‍ച്ചയായി.
പ്രാദേശിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ ചട്ടക്കൂടില്‍ കൈവരിച്ച ധാരണകള്‍ നടപ്പാക്കുന്നതിന്റെ പ്രാധാന്യം ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ ഊന്നിപ്പറഞ്ഞു. എല്ലാ കക്ഷികളും സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കിലൂടെ സ്വതന്ത്ര നാവിഗേഷന്‍ ഉറപ്പാക്കുക, പ്രാദേശിക സുരക്ഷ സംരക്ഷിക്കുക, കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുക, മേഖലയില്‍ സ്ഥിരത ശക്തിപ്പെടുത്തുക എന്നിവയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
പ്രാദേശിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സമഗ്രമായ ഒരു കരാറിലെത്താനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ തുടരുമെന്നും അതിലൂടെ മേഖലയില്‍ സുസ്ഥിര സമാധാനം ഉറപ്പാക്കാന്‍ കഴിയുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

