

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്ന് ദുബൈ കസ്റ്റംസ് 5.6 കിലോഗ്രാം കൊക്കയ്ന്‍ പിടികൂടിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്നുമെത്തിയ വനിതാ യാത്രക്കാരിയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ലഗ്ഗേജിന്റെ പതിവ് എക്‌സ്-റേ പരിശോധനയ്ക്കിടയില്‍ അസാധാരണമായ രീതിയിലുള്ള ചില വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് ദുബൈ കസ്റ്റംസിന് സംശയമുണ്ടായത്. ഇതോടെ വനിതയെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിയാന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.

തന്റെ ലഗ്ഗേജില്‍ ഒന്നുമില്ലെന്ന് ലാറ്റിനമേരിക്കന്‍ വനിത ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കസ്റ്റംസ് ബാഗ് തുറന്നു പരിശോധിക്കുകയും രഹസ്യ അറ കണ്ടെത്തുകയുമായിരുന്നു. ബാഗിനകത്ത് പ്രത്യേകം തയ്യാറാക്കിയ അറയില്‍ കറുത്ത പ്ലാസ്റ്റിക്ക് കവറുകള്‍ ചുറ്റിവെച്ചതായി കണ്ടെത്തുകയും അതില്‍ നിന്നും വെളുത്ത പൊടി കിട്ടുകയുമായിരുന്നു. പരിശോധനയിലാണ് അത് കൊക്കയ്‌നാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യം കണ്ടെത്തിയ പൊതിയില്‍ 3.2 കിലോഗ്രാം കൊക്കയ്‌നാണ് അടങ്ങിയിരുന്നത്.
പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ 2,473 ഗ്രാം കൊക്കയ്ന്‍ കൂടി അടച്ചുറപ്പിച്ച ഷാംപൂ, ശരീരസൗന്ദര്യ കുപ്പികളിലായി ഒളിപ്പിച്ചതായും കണ്ടെത്തി.
മയക്കുമരുന്നിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന ലോകത്തിന് മാതൃകയായ യു എ ഇയില്‍ ഇത്തരം വസ്തുക്കളുമായി എത്തുന്നവരെ തിരിച്ചറിയാന്‍ നിരവധി ശക്തമായ മാര്‍ഗ്ഗങ്ങളുണ്ടെന്ന് പാസഞ്ചര്‍ ഓപറേഷന്‍സ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇബ്രാഹിം കമാലി പറഞ്ഞു. ചില യാത്രക്കാര്‍ അതിബുദ്ധി ഉപയോഗിച്ച് ഇത്തരം വസ്തുക്കള്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിനേക്കാള്‍ ശക്തമായ മാര്‍ഗ്ഗങ്ങളിലൂടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തുമെന്നും മുന്നറിയിപ്പ് നല്കി.

