

ദോഹ: നവംബര്‍ 15 മുതല്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് ഖത്തറില്‍ നിരോധനം നിലവില്‍ വരുമെന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭയുടെ അനുമതിയോടെയാണ് പുതിയ തീരുമാനം നടപ്പാക്കുന്നതെന്നും മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്ക് ചെയ്യാനോ സമ്മാനമായി നല്‍കാനോ വിതരണം ചെയ്യാനോ കൊണ്ടുപോകാനോ എന്തെങ്കിലുമൊക്കെ വസ്തുക്കളുമായി എടുത്തുകൊണ്ടുപോകാനോ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് നിരോധനമാകും. നിരവധി തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍, ബയോഡിഗ്രേഡബിള്‍ ബാഗുകള്‍, കടലാസുകൊണ്ടോ തുണികൊണ്ടോ ഉണ്ടാക്കിയ സഞ്ചികള്‍, മറ്റേതെങ്കിലും ബയോഡിഗ്രേഡബിള്‍ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ സഞ്ചികള്‍ തുടങ്ങി നിലവാരം ഉറപ്പുവരുത്തിയവ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളു.

ഉപയോഗ യോഗ്യമായ പ്ലാസ്റ്റിക്ക് ബാഗുകളില്‍ ഡിഗ്രേഡബിള്‍, പുനരുപയോഗത്തിനോ റീസൈക്കിള്‍ ചെയ്യാനോ യുക്തമായത് എന്ന് രേഖപ്പെടുത്തിയിരിക്കണം.
നേരിയ പ്ലാസ്റ്റിക്കോ ഫാബ്രിക്കോ ഉപയോഗിച്ചുണ്ടാക്കിയതും തീരെ കനമില്ലാത്തതും 40 മൈക്രോണില്‍ താഴെയുള്ളതും പാക്കിംഗിനും മറ്റുമായി മാത്രം ഉപയോഗിക്കുന്നവയാണ് ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍.
പ്ലാസ്റ്റിക്ക് കൊണ്ടോ ഫാബ്രിക്കുകൊണ്ടോ നിര്‍മിച്ചതാണെങ്കിലും 40നും 60നും ഇടയില്‍ മൈക്രോണുള്ളതും നിരവധി തവണ ഉപയോഗിക്കാനാവുന്നതുമാണ് പല തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകള്‍.
വാര്‍ത്താ സമ്മേളനത്തില്‍ മുന്‍സിപ്പല്‍ മന്ത്രാലയത്തിലെ ലീഗല്‍ അഫയേഴ്സ് ഡയറക്ടര്‍ അഹമ്മദ് യൂസുഫ് അല്‍ ഇമാദി, വെയ്സ്റ്റ് റീസൈക്ലിംഗ് ആന്റ് ട്രീറ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ എന്‍ജിനിയര്‍ ഹമദ് ജാസിം അല്‍ ബഹര്‍, അല്‍ വക്റ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജിനിയര്‍ മുഹമ്മദ് ഹസ്സന് അല്‍ നുഐമി തുടങ്ങിയവര്‍ പങ്കെടുത്തു.

