ഖത്തറിന്റെ ഫാരിസ് ഇബ്രാഹിമിന് ഒളിംപിക് സ്വര്‍ണം

Web Desk
1 Min Read

ദോഹ: ഇത് സുവര്‍ണ മുഹൂര്‍ത്തം. ടോക്യോയിലെ ഒളിംപിക്‌സ് വില്ലേജില്‍ ഖത്തറിന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഫാരിസ് ഇബ്രാഹിമിന്റെ ഉള്ളില്‍ മാത്രമല്ല ഓരോ ഖത്തരിയുടേയും ഹൃദയത്തില്‍ പടപടാ മിടിച്ചത് രാജ്യസ്‌നേഹമായിരുന്നു.
ഭാരോദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് ഖത്തറിന്റെ സ്വന്തം ഫാരിസ് ഇബ്രാഹിം സ്വര്‍ണം നേടിയത്. ഖത്തറിന്റേയും ഒളിംപിക്‌സിന്റേയും ചരിത്രത്തില്‍ ഖത്തര്‍ നേടുന്ന ആദ്യത്തെ സ്വര്‍ണമാണിത്. ഇതോടെ മെഡല്‍ പട്ടികയില്‍ 40-ാം സ്ഥാനത്താണ് ഖത്തര്‍ പേര് എഴുതിച്ചേര്‍ത്തത്.
രണ്ടുതവണ ലോകചാംപ്യന്‍ഷിപ്പ് മെഡല്‍ നേടിയ ഫാരിസ് ഇബ്രാഹിം ഒളിംപിക്‌സില്‍ രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2016ലെ റിയോ ഒളിംപിക്‌സില്‍ ഏഴാം സ്ഥാനത്താണ് ഫാരിസ് എത്തിയത്.
ജൂനിയര്‍ മുന്‍ ലോകചാംപ്യനും സീനിയര്‍ തലത്തില്‍ ലോക വെള്ളി മെഡല്‍ ജേതാവുമാണ് ഫാരിസ് ഇബ്രാഹിം. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവായിരുന്നു അദ്ദേഹം.
ഫാരിസ് ഇബ്രാഹിമിന്റെ മെഡല്‍ നേട്ടത്തില്‍ ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി അഭിനന്ദിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!