
ദോഹ: ഖത്തര്‍- യുണൈറ്റഡ് കിംഗ്ഡം സംയുക്ത സാമ്പത്തിക- വാണിജ്യ സമിതിയുടെ നാലാമത് യോഗം ദോഹയില്‍ നടന്നു. ഖത്തറും യു കെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൊതുമേഖലയും സ്വകാര്യ മേഖലയും പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വിദേശ വ്യാപാരകാര്യങ്ങളുടെ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദും യു കെ ബിസിനസ് ആന്‍ഡ് ട്രേഡ് വകുപ്പിലെ വ്യാപാര നയ സഹമന്ത്രി സര്‍ ക്രിസ് ബ്രയന്റും യോഗത്തില്‍ സഹഅധ്യക്ഷത വഹിച്ചു.

യോഗത്തിന്റെ ഉദ്ഘാടനം പ്രസംഗത്തില്‍ വിദേശ വ്യാപാര കാര്യങ്ങളുടെ സഹമന്ത്രി ഈ യോഗം ചേരുന്നത് പരസ്പര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും ആഗോള സാമ്പത്തിക മാറ്റങ്ങള്‍ക്കൊപ്പം മുന്നേറുന്നതുമായ രീതിയില്‍ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും സംയുക്ത ഇച്ഛാശക്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി. ഖത്തര്‍-ബ്രിട്ടന്‍ ബന്ധങ്ങള്‍ തുടര്‍ച്ചയായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും വ്യാപാര- നിക്ഷേപ മേഖലകളില്‍ ഉറച്ച തന്ത്രപരമായ പങ്കാളിത്തം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് കിംഗ്ഡത്തില്‍ ഖത്തര്‍ നടത്തിയ നിക്ഷേപങ്ങള്‍ 40 ബില്യണ്‍ പൗണ്ട് സ്റ്റര്‍ലിംഗ് കവിയുന്നതായും 2024-ല്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര വിനിമയ മൂല്യം ഏകദേശം 1.7 ബില്യണ്‍ പൗണ്ട് സ്റ്റര്‍ലിംഗ് എത്തിയതായും അദ്ദേഹം അറിയിച്ചു. ഇത് ഖത്തറിന്റെ പ്രധാന വ്യാപാര പങ്കാളിയായി യു കെയുടെ സ്ഥാനത്തെ സ്ഥിരീകരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ യു കെയില്‍ നിന്നുള്ള വിദേശ നിക്ഷേപ പ്രവാഹം ഖത്തറിലേക്ക് 6 ബില്യണ്‍ പൗണ്ട് സ്റ്റര്‍ലിംഗിന് മുകളിലെത്തിയതായും ഖത്തറിലെ ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷത്തിലേക്കുള്ള ബ്രിട്ടീഷ് നിക്ഷേപകരുടെ വിശ്വാസം ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ ഖത്തര്‍ വിപണിയില്‍ 600-ലധികം ബ്രിട്ടീഷ് കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
യുണൈറ്റഡ് കിംഗ്ഡവും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിന് ഖത്തര്‍ വലിയ പ്രാധാന്യം നല്‍കുന്നതായും ഇത് വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഡിജിറ്റല്‍ വ്യാപാരം, കസ്റ്റംസ് സഹകരണം, സേവനങ്ങളുടെ സഞ്ചാരം തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാമ്പത്തികം, ഡിജിറ്റലൈസേഷന്‍, നവീകരണം എന്നീ മേഖലകളില്‍ യു കെയുമായുള്ള സഹകരണം കൂടുതല്‍ ശക്തക്കാനുള്ള ഖത്തറിന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഖത്തറിലെ സിംഗിള്‍ വിന്‍ഡോ സംവിധാനവും ബ്രിട്ടനിലെ സിംഗിള്‍ ട്രേഡ് വിന്‍ഡോയും തമ്മിലുള്ള സ്ഥാപനപരമായ ഏകീകരണം ശക്തിപ്പെടുത്തുന്നതിന് പുറമേ, യു കെയില്‍ ഹരിത വളര്‍ച്ചയും കാലാവസ്ഥാ സാങ്കേതികവിദ്യയും ലക്ഷ്യമിട്ട് ഖത്തര്‍ ഒരു ബില്യണ്‍ പൗണ്ട് സ്റ്റര്‍ലിംഗ് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ മേഖലകളിലുമുള്ള സഹകരണവും അദ്ദേഹം പരാമര്‍ശിച്ചു.
സമിതിയുടെ മൂന്നാമത് യോഗത്തില്‍ കൈക്കൊണ്ട ശുപാര്‍ശകളുടെ നടപ്പാക്കല്‍ പുരോഗതി, നിലവിലുള്ള പദ്ധതികളും അവയുടെ വിപുലീകരണ സാധ്യതകളും, വ്യവസായം, പരിസ്ഥിതി, കൃഷി, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വ്യാപാര- നിക്ഷേപ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമീപനം മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യാപാര വിനിമയത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും സാധനങ്ങള്‍, സേവനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവയുടെ ഒഴുക്ക് സുഗമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തി.
യോഗത്തിന്റെ സമാപനത്തില്‍ വിദേശ വ്യാപാര കാര്യങ്ങളുടെ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദും യു കെ ബിസിനസ് ആന്റ് ട്രേഡ് വകുപ്പിലെ വ്യാപാരനയ സഹമന്ത്രി സര്‍ ക്രിസ് ബ്രയന്റും,ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത മന്ത്രിതല സമിതിയുടെ നാലാമത് യോഗത്തിന്റെ മിനിറ്റുകളില്‍ ഒപ്പുവച്ചു.

