

ദോഹ: ഫിഫ ലോകകപ്പിലും അതിനു മുമ്പും ഖത്തറിലെ വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ 5700 യാത്രക്കാരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍-കാസ് ചാനലിലെ അല്‍-മജ്ലിസ് പ്രോഗ്രാമിന് നല്കിയ അഭിമുഖത്തില്‍ എയര്‍പോര്‍ട്ടുകളിലെ അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചേഴ്സ് സീനിയര്‍ മാനേജര്‍ സാലിഹ് അല്‍-നിസ്ഫ് ആണ് ഇക്കാര്യം പറഞ്ഞത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറില്‍ 3,700 യാത്രക്കാരെയാണ് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളുള്ളത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസുകള്‍, മെട്രോ, ഊബര്‍, കരീം ടാക്സികള്‍ തുടങ്ങിയ ഗതാഗത മാര്‍ഗ്ഗങ്ങളും ലഭ്യമായിരിക്കും. അതോടൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിക്കാന്‍ വരുന്നത് വേറെയുമുണ്ടാകും.

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിക്കൂറില്‍ രണ്ടായിരം യാത്രക്കാരെയാണ് സ്വീകരിക്കുക. ഇവിടേയും ഷട്ടില്‍ ബസുകള്‍ക്ക് പുറമെ ബസുകളും ടാക്സി സര്‍വീസുകളും ഉണ്ടായിരിക്കുമെന്നും യാത്രക്കാരെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാര്‍ക്ക് കാല്‍നടയാത്രയ്ക്കുള്ള പാതയും സജ്ജമാക്കിയിട്ടുണ്ട്.

