ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ്; നെഞ്ചിടിപ്പേറ്റി അവസാന മണിക്കൂറുകള്‍

Web Desk
2 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപെക്സ് ബോഡിയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ രണ്ട് മണിക്കൂറില്‍ താഴെ സമയം മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പ് കൂടി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി), കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), സ്പോര്‍ട്‌സ് സെന്റര്‍ (ഐഎസ്സി) എന്നിവയുടെ പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

city exchange

ഐസിബിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേരും ഐസിസി, ഐഎസ്സി പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരുമാണ് മത്സരിക്കുന്നത്. ഐസിബിഎഫ് പ്രസിഡന്റാകാന്‍ നിലവിലെ അധ്യക്ഷന്‍ ഷാനവാസ് ബാവ, മുന്‍ ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ഷിഹാസ് ബാബു എന്നിവരാണുള്ളത്.

സാംസ്‌കാരിക വിഭാഗമായ ഐസിസിയുടെ അധ്യക്ഷനാകാന്‍ നിലവിലെ പ്രസിഡന്റ് എ പി മണിക്ണഠനും ഷെജി വലിയകത്തും മത്സരരംഗത്തുണ്ട്.

കായിക കൂട്ടായ്മ ഐഎസ്സി പ്രസിഡന്റാകാന്‍ നിലവിലെ അധ്യക്ഷന്‍ ഇ പി അബ്ദുല്‍ റഹ്മാനും ആഷിഖ് അഹമ്മദും രംഗത്തുണ്ട്.

- Advertisement -
Ad image

ഐസിബിഎഫ് മാനേജിങ് കമ്മിറ്റിയിലേക്ക് പ്രവീണ്‍ കുമാര്‍ ബുയ്യാനി, സന്തോഷ് കുമാര്‍ പിള്ള, മിനി സിബി, ദിനേശ് ഗൗഡ, റഷീദ് അഹമ്മദ്, നിര്‍മല ഗുരു, ജാഫര്‍ തയ്യില്‍, ദീപക് ഷെട്ടി എന്നിവരും ഐസിസിയിലേക്ക് അനു ശര്‍മ, അനീഷ് ജോര്‍ജ് മാത്യു, ഷൈനി കബീര്‍, അനില്‍ ബോളോര്‍, എബ്രഹാം ജോസഫ്, അഫ്‌സല്‍ അബ്ദുല്‍ മജീദ്, നന്ദിന അബ്ബഗൗനി, ശാന്തനു സി ദേശ്പാണ്ഡെ എന്നിവരും ഐഎസ്സിയിലേക്ക് ഹംസ യൂസുഫ്, കവിത മഹേന്ദ്രന്‍, ദീപക് ചുക്കല, അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍, നിസ്താര്‍ പട്ടേല്‍, കിഷോര്‍ നായര്‍, ഷൈജിന്‍ ഫ്രാന്‍സിസ്, അജിത ശ്രീവത്സന്‍ എന്നിവരും മത്സര രംഗത്തുണ്ട്.

ഐസിസി- മൂന്ന്, ഐസിബിഎഫ്, ഐഎസ്സി എന്നിവയ്ക്ക് ഓരോ അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി സ്ഥാനങ്ങളിലേക്കും മത്സരം നടക്കും. അപെക്സ് ബോഡികളില്‍ തുകയടച്ച് എടുത്ത അംഗത്വമുള്ളവര്‍ക്കാണ് അതത് സംഘടനകളിലേക്ക് വോട്ട് രേഖപ്പെടുത്താനാവുക.

സൗഹൃദക്കൂട്ടങ്ങളിലൂടേയും നേരില്‍ കണ്ടും നവമാധ്യമങ്ങളിലൂടെയും തങ്ങള്‍ക്ക് സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും സ്ഥാനാര്‍ഥികള്‍ വോട്ട് തേടിയിട്ടുണ്ട്.

റൈറ്റ് ടു വോട്ട് പ്ലാറ്റ്‌ഫോം വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളായ വോട്ടര്‍മാര്‍ റജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വഴിയാണ് റൈറ്റ് ടു വോട്ട് പ്ലാറ്റ്‌ഫോമില്‍ കയറുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. അരമണിക്കൂറിനം ഫലം വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരേയും പിണക്കാതിരിക്കാന്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ചോദിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് എത്ര വോട്ട് ലഭിക്കുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നുമുണ്ട്. ഇക്കാര്യമാണ് സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നത്.

ഉറപ്പായും ലഭിക്കുന്ന വോട്ടുകള്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികള്‍ എണ്ണി തിട്ടപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും നിഷ്പക്ഷരെന്ന് തോന്നുന്നവരുടെ വോട്ട് മറിയുന്നതിന് അനുസരിച്ചായിരിക്കും ജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നിച്ചു മത്സരിക്കുന്നുണ്ടെന്ന കൗതുകവും തെരഞ്ഞെടുപ്പിനുണ്ട്.

Share This Article
Leave a Comment
error: Content is protected !!