

ദോഹ: അല്‍ തുമാമ സ്റ്റേഡിയത്തില്‍ സെനഗല്‍- നെതര്‍ലാന്റ്സ് മത്സരം സമനിലയില്‍ കലാശിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കളിയുടെ എല്ലാ അപ്രവചനീയതയും സമ്മാനിച്ച് നെതര്‍ലാന്റ്സ് ജയം നേടി. പ്രതിരോധത്തിലൂന്നി നീങ്ങിയ മത്സരത്തില്‍ ആദ്യ ഗോള്‍ 84-ാം മിനുട്ടിലാണ് വലയിലായത്. തുടര്‍ന്ന് 90 + 9 മിനുട്ടില്‍ രണ്ടാം ഗോളും പിറന്നതോടെ നെതര്‍ലാന്റ്സിന്റെ വിജയം പൂര്‍ണമായി.

ഡച്ചുകാര്‍ക്കു വേണ്ടി കോഡി ഗാക്പോ ആദ്യ ഗോളും ഡേവി ക്ലാസന് രണ്ടാം ഗോളും സ്വന്തം പേരുകളിലാക്കി. സൂപ്പര്‍ താരം സാദിയോ മാനെയുടെ അഭാവം സെനഗലിനെ ബാധിച്ചെങ്കിലും കളിയുടെ അവസാനം വരെ നെതര്‍ലാന്റ്സുമായി പിടിച്ചു നില്ക്കാന് അവര്‍ക്കായി. കളിയുടെ 80-ാം മിനുട്ടില്‍ നെതര്‍ലാന്റ്സ് പരിശീലകന് നടത്തിയ മാറ്റങ്ങളാണ് സെനഗലിന് വിനയായത്.

നെതര്‍ലാന്റ്സിന് ലഭിച്ച നിരവധി അവസരങ്ങള്‍ മുതലെടുക്കാനായില്ല. ആദ്യ ജയത്തോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറും നെതര്‍ലന്റ്സും മൂന്ന് പോയിന്റ് വീതം നേടി തുല്യമായി.

