

ദുബൈ: ബഹിരാകാശത്തോളം വളര്‍ന്ന മകനെ നോക്കി ആ പിതാവ് ആനന്ദകണ്ണീര് പൊഴിച്ചു. കഴിഞ്ഞ ദിവസം അബൂദബി ലൂവര്‍ മ്യൂസിയത്തിലാണ് അപൂര്‍വമായ ആ സംഗമം നടന്നത്.

യു എ ഇയുടെ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍ നയാദിയും പിതാവ് സെയ്ഫ് അല്‍ നയാദിയും തമ്മിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. അഭിമാനത്താല്‍ ആ പിതാവ് പുത്രസ്നേഹത്തില്‍ പുളകിതനാവുകയായിരുന്നു. എ കാള്‍ ഫ്രം സ്പെയ്സ് എന്ന പരിപാടിയിലാണ് നിനച്ചിരിക്കാതെ സുല്‍ത്താന്‍ അല്‍ നയാദിക്ക് തന്റെ പിതാവിനെ ലഭിച്ചത്.


മ്യൂസിയത്തിലുള്ള അതിഥികളുമായി ചേരുമ്പോള്‍ ആ കൂട്ടത്തില്‍ തന്റെ പിതാവുണ്ടാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. സെയ്ഫ് അല്‍ നയാദി പഴയ പട്ടാളക്കാരനാണ്. യു എ ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ഉള്‍പ്പെടെ പ്രമുഖരുള്‍പ്പെടുന്ന സദസിലാണ് പ്രിയ പുത്രനുമായി അദ്ദേഹം സംസാരിച്ചത്. പരസ്പരം ആശംസകള്‍ കൈമാറിയ ശേഷം ഇരുവരും കുടുംബത്തിനായി പ്രാര്‍ഥിച്ചു.

