
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ ഏക പ്രിസിഷന്‍ ഡയഗ്നോസ്റ്റിക് കേന്ദ്രമായ സി എ പി, ജെ സി ഐ അംഗീകാരം നേടിയ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഖത്തര്‍ തുടര്‍ച്ചയായ പതിനാറാം വര്‍ഷവും ഒരു മാസം നീളുന്ന ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പയിന് സംഘടിപ്പിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2026 ജനുവരി 1 മുതല്‍ 31 വരെയാണ് ക്യാമ്പയിന് നടക്കുന്നത്.

ലബോറട്ടറി മെഡിസിനും പ്രിസിഷന്‍ ഡയഗ്നോസ്റ്റിക്സും രംഗത്ത് മികവിന്റെ കേന്ദ്രമായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഖത്തറിലെ പ്രവാസി സമൂഹത്തില്‍ പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള വിഭാഗങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് ഗള്‍ഫ് മേഖലയിലെ പ്രവാസികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, യൂറിക് ആസിഡ് വര്‍ധനവ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊഴുപ്പും പ്യൂറിന്‍ സമൃദ്ധവുമായ ഭക്ഷണരീതി, അതിവേഗ ജോലി അന്തരീക്ഷം, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് മേഖലയില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. കുറഞ്ഞ വരുമാനമുള്ള നിരവധി പ്രവാസികള്‍ രോഗങ്ങളോടെ തന്നെ സേവിങ്സുകളില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടാകുന്നതായും ലബോറട്ടറി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ശരിയായ ചികിത്സ നല്കിയാല് പൂര്‍ണ്ണമായും നിയന്ത്രിക്കാനോ സുഖപ്പെടുത്താനോ കഴിയുമെന്ന് അവര്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദ്ദ പരിശോധന, ബി എം ഐ, രക്തത്തിലെ പഞ്ചസാര, ലിപ്പിഡ് പ്രൊഫൈല്‍, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, എസ് ജി പി ടി ടെസ്റ്റ് എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
ക്യാമ്പയിനിന്റെ നിരക്ക് 50 ഖത്തര്‍ റിയാല്‍ മാത്രമാണ്. എന്നാല്‍ ഈ പരിശോധനകളുടെ യഥാര്‍ഥ ചെലവ് 500 ഖത്തര്‍ റിയാലിന് മുകളില്‍ വരുന്നതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി നടന്ന ക്യാമ്പയിനുകള്‍ ഏകദേശം 80,000 പ്രവാസികള്‍ക്ക് പ്രയോജനപ്പെട്ടു. ഇവരില്‍ 20- 25 ശതമാനം പേര്‍ക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയതായും ഏകദേശം 15 ശതമാനം പേര് തങ്ങള്‍ക്ക് ഇത്തരം അസാധാരണതകള്‍ ഉണ്ടെന്ന കാര്യം മുന്‍പ് അറിഞ്ഞിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
2010-ലാണ് മൈക്രോ ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍ ഡിസീസ് ചെക്കപ്പ് ക്യാമ്പയിന് ആരംഭിച്ചത്. ഖത്തറിലെ നിരവധി ഡോക്ടര്‍മാരുടെ ശുപാര്‍ശ പ്രകാരമായിരുന്നു തുടക്കം. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്‍ക്ക് സാധാരണ പരിശോധന ചെലവ് വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഇത് വാര്‍ഷികമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
വീട്ടില്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഹോം സാംപിള്‍ കളക്ഷന്‍ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 75 ഖത്തര്‍ റിയാല്‍ അധിക ചാര്‍ജ് ഉണ്ടായിരിക്കും.
മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ഖത്തര്‍ ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 6 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നതാണ്. പരിശോധനയ്ക്ക് എത്തുന്നവര്‍ കുറഞ്ഞത് 8 മണിക്കൂര്‍ ഉപവാസത്തിലായിരിക്കണം.
ക്യാമ്പയിന് വിജയകരമാക്കുന്നതിന് പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള പ്രവാസി സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മാധ്യമങ്ങളുടെ സഹകരണം തേടുന്നതായും അവര്‍ അറിയിച്ചു.
ചീഫ് കസ്റ്റമർ ഓഫീസർ ഷഫീക്ക് കെ സി, കൺസൾട്ടൻ്റ് ഹിസ്റ്റോ പാതോളജിസ്റ്റ് ഡോ. ഒൽഫ, ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക്ക മീര സണ്ണി, മെഡിക്കൽ ഡയറക്ടർ ഡോ. വിജയ് വിഷ്ണു പ്രസാദ്, ഓപറേഷൻസ് ഹെഡ് നിജി മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

