

ദോഹ: വിദഗ്ധ മൃഗ പരിശീലകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാള്‍ വളര്‍ത്തിയിരുന്ന സിംഹം 17 വയസ്സുള്ള ഖത്തരി യുവാവിനെ ആക്രമിച്ചതായി അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ യുവാവിന്റെ തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റു. രണ്ടാഴ്ച മുമ്പാണ് ഉം സലാല്‍ പ്രദേശത്ത് സംഭവം നടന്നതെന്നാണ് പത്രം പറയുന്നത്.

തന്റെ മകന് മൂന്നു വര്‍ഷം മുമ്പ് നാല് മാസം പ്രായമുള്ള സിംഹക്കുട്ടിയെ കിട്ടിയെന്നും എന്നാല്‍ മൃഗ ്അലര്‍ജി ഉണ്ടായിരുന്നതിനാല്‍ മൃഗപരിശീലന വിദഗ്ധന്റെ പരിചരണത്തിലേക്ക് മാറ്റിയതായും പരിക്കേറ്റ യുവാവിന്റെ മാതാവിനെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവ് സിംഹക്കുട്ടിയെ പരിശോധിക്കാന്‍ മൂന്നു തവണ പോയിരുന്നതായും 2024 സെപ്തംബറിലും നവംബറിലുമാണ് ആദ്യത്തെ രണ്ടുതവണ കാണാന്‍ പോയതെന്നും ആക്രമിക്കപ്പെട്ട 2025 ജനുവരി 12നായിരുന്നു മൂന്നാമത്തെ സന്ദര്‍ശനമെന്നും മാതാവ് അറിയിച്ചു. പ്രസ്തുത സന്ദര്‍ശനങ്ങളിലാണ് മകന്‍ സിംഹവുമായി ഇടപഴകിയതെന്നും അവസാനത്തെ രണ്ട് സന്ദര്‍ശനങ്ങളില്‍ പുറത്തുവിട്ടിരുന്നതായും മാതാവ് പറയുന്നു.
മൂന്നാമത്തെ സന്ദര്‍ശനത്തില്‍ മകന്റെ പെണ്‍ സിംഹത്തോടൊപ്പം ഏഴു വയസ്സുള്ള ഒരു ആണ്‍ സിംഹവും ഉണ്ടായിരുന്നതായും പ്രസ്തുത സിംഹമാണ് ആക്രമണം നടത്തിയതെന്നും മാതാവ് പറഞ്ഞു.
സിംഹത്തിന്റെ നഖങ്ങളും പല്ലുകളും യുവാവിന്റെ തലയിലും ശരീരത്തിലും കുത്തിയിറങ്ങിയതായും ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചതായും അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ അടിയന്തര സേവനങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന് തലയോട്ടിയില്‍ ഭാഗികമായ ഒടിവും കണ്ണിനു ചുറ്റും ഒടിവുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളും ഡോക്ടര്‍മാര്‍ കണ്ടെത്തി.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിനെ നാലു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്‌പെഷ്യലൈസ്ഡ് സര്‍ജറി സെന്ററില്‍ 12 ദിവസം ചികിത്സിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്.
ആക്രമണത്തെ തുടര്‍ന്നുണ്ടായ ആഘാതം മൂലമുണ്ടായ അപസ്മാരത്തെ തുടര്‍ന്ന് ചികിത്സ തുടരുകയാണെന്നും ഇടതുകണ്ണ് പൂര്‍ണമായും സുഖം പ്രാപിക്കുന്നതുവരെ ആറു മാസത്തേക്ക് അടച്ചിരിക്കുകയാണെന്നും മാതാവ് അറിയിച്ചു.

