

ദോഹ: ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന നുഴഞ്ഞുകയറ്റത്തില്‍ ഖത്തര്‍ ഭരണകൂടം ഉത്കണ്ഠ പ്രകടിപ്പിച്ചു. അപകടകരമായ സംഭവ വികാസമായി കണക്കാക്കുകയും മുനമ്പിലെ വിനാശകരമായ സുരക്ഷയും മാനുഷിക പ്രത്യാഘാതങ്ങളുമുണ്ടാക്കുകയും ചെയ്യുമെന്ന് ഖത്തര്‍ വ്യക്തമാക്കി. മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും മധ്യസ്ഥതയിലും സമാധാന ശ്രമങ്ങളിലും വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി.

ഗസ മുനമ്പിലെ യുദ്ധം നിര്‍ത്താനും സഹായം എത്തിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും യു എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണ് നുഴഞ്ഞുകയറ്റമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. ഗസ മുനമ്പിലെ മാനുഷിക ഉടമ്പടി അംഗീകരിച്ചു് പ്രമേയത്തോട് പ്രതികരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര നടപടിയെടുക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

ഗസ മുനമ്പിലേക്കുള്ള വിനാശകരമായ ഇസ്രായേല്‍ നുഴഞ്ഞുകയറ്റം കൂട്ടായ ശിക്ഷയുടെ നയത്തിന്റെ ഭാഗമാണെന്നും ഫലസ്തീന്‍ ജനതയെ ഗസ മുനമ്പില്‍ നിന്ന് ബലം പ്രയോഗിച്ച് മാറ്റിപ്പാര്‍പ്പിക്കാനും സിവിലിയന്മാരെ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനോ അഭയം പ്രാപിക്കാനോ നിര്‍ബന്ധിതരാക്കാനുള്ള ശ്രമങ്ങളാണെന്നും മന്ത്രാലയം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമാണിത്. ഫലസ്തീനികളുടെ രക്തച്ചൊരിച്ചില്‍ തടയുന്നതിനും സുസ്ഥിര രാഷ്ട്രീയ പരിഹാരം ഉറപ്പാക്കുന്നതിനുമുള്ള വഴി കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് ഖത്തര്‍ ഫലപ്രദമായ സംഭാവനകള്‍ നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

