

ദോഹ: സോളാര്‍ കേസില്‍ തന്റെ പിതാവിനെ വേട്ടയാടിയവര്‍ക്കെതിരെ ഇനിയൊരു പ്രതികാരത്തിന് താനോ കുടുംബമോ ഉണ്ടാവില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എല്‍ എയുമായ ചാണ്ടി ഉമ്മന്‍. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിവയരോട് പ്രതികരിക്കാനും പ്രതികാരം ചെയ്യാനും ജനങ്ങളുടെ കാശ് ചെലവഴിക്കുന്നതിന് കുടുംബാംഗങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കീഴില്‍ സ്പോര്‍ട്സ് അക്കാദമി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ പദ്ധതി എന്ന നിലയിലാണ് സ്പോര്‍ട്സ് അക്കാദമി കൊണ്ടുവരുന്നത്.
കെ എസ് യു വിദ്യാര്‍ഥി സംഘടനാ നേതാക്കളെ പിണറായി വിജയന്റെ പൊലീസ് തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഭരണ പരാജയം മറച്ചുവെക്കാനാണ്. പിണറായി രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ കോണ്‍ഗ്രസ് സംഘടനകള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത് പരിഹരിക്കാന്‍ കെ പി സി സി പരിശോധന നടത്തുമെന്നും പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ അക്കാര്യങ്ങള്‍ ആശങ്ക ആവശ്യമില്ലെന്നും വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടെങ്കിലും കോണ്‍ഗ്രസെന്ന വലിയ പാര്‍ട്ടി അതെല്ലാം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പരിഹരിച്ചാണ് മുമ്പോട്ടു പോകാറുള്ളതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ പിതാവ് മരിക്കുന്നതുവരെ യമനിലെ ജയിലില്‍ കിടക്കുന്ന നിമിഷ പ്രിയക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ പ്രതിബദ്ധതയാണ് അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിയിരുന്നതെന്നും ഏതൊരാള്‍ക്കും ഉമ്മന്‍ചാണ്ടിയെ ഏതു സമയത്തും സന്ദര്‍ശിക്കാനാവുമെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ട്രഷറര്‍ ഈപ്പന് ജോര്‍ജ്ജ് എന്നിവരും ചാണ്ടി ഉമ്മനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

