

അഹമ്മദാബാദ്: നൂറുകോടി ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഷോട്ട്. ആറാം തവണയും ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക് സ്വന്തം. നിശ്ശബ്ദമായ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ ഗ്യാലറികള്‍ക്കു മേല്‍ ഓസ്‌ട്രേലിയക്കാരുടെ വിജയാഘോഷം. കളി നയിച്ച ഹെഡ് ജയത്തിന് രണ്ട് റണ്‍സ് അകലെ പവലിയനിലേക്ക് മടങ്ങിയെങ്കിലും അത് രാജകീയമായിരുന്നു. 42 പന്തുകള്‍ ബാക്കിയിരിക്കെ ആറു വിക്കറ്റിന് ആധികാരിക ജയം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ കളി കാണാനുണ്ടായിരുന്നു. ഒരു കളിയും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യയ്ക്കിത് ടൈറ്റാനിക്ക് പതനം.

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചെങ്കിലും പത്തോവര്‍ തികയുമ്പോഴേക്കും കിതച്ചു തുടങ്ങിയിരുന്നു. അവസാന പന്തില്‍ പത്താം വിക്കറ്റും അടിയറവെച്ച് 240 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ വെല്ലുവിളിയാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്. ബൗളിംഗിന്റെ ആദ്യ സ്‌പെല്ലില്‍ പ്രതീക്ഷ നല്‍കിയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പതിയെ ഓസ്‌ട്രേലിയ തന്നെ കളിയുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു. എട്ട് ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പരുങ്ങാന്‍ തുടങ്ങിയ ടീമിനെ ഹെഡും മാര്‍നസ് ലാബുഷൈനും ചേര്‍ന്നാണ് കര കയറ്റിയത്.
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലാബുഷൈനുമായി ചേര്‍ന്ന് ഹെഡ് 192 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. സിറാജിനെതിരെ സിക്‌സറടിച്ച് വിജയം നേടാനുള്ള ഹെഡിന്റെ ശ്രമം ഗില്ലിന്റെ കൈയിലൊതുങ്ങിയപ്പോള്‍ 120 പന്തില്‍ 137 റണ്‍സായിരുന്നു സമ്പാദ്യം. ഇന്നിംഗ്‌സില്‍ നാല് സിക്‌സറുകളും 15 ബൗണ്ടറികളും അദ്ദേഹം ചേര്‍ത്തിരുന്നു. രോഹിത് ശര്‍മ ഉയര്‍ത്തിയടിച്ച പന്ത് അതിമനോഹരമായി കൈപ്പിടിയിലൊതുക്കി ഹെഡ് ഫീല്‍ഡിംഗിലും മികവ് കാട്ടിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്ററായി റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതാനും ഹെഡിന് സാധിച്ചു.
1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഓസീസിന് 2023ഉം തൊപ്പിയില്‍ ചേര്‍ക്കാനായി. 2003ലും ഫൈനലിലെത്തിയ ഇന്ത്യ ഓസ്‌ട്രേലിയക്കു മുമ്പിലാണ് അടിയറവ് പറഞ്ഞത്.
കളി തോറ്റെങ്കിലും റണ്‍ നേട്ടത്തില്‍ വിരാട് കോലിയും വിക്കറ്റ് കൊയ്ത്തില്‍ മുഹമ്മദ് ഷമിയും മുന്നിലെത്തി ഇന്ത്യന്‍ അഭിമാനം കാത്തു.

