ജി സി സി ഗെയിംസില്‍ ഖത്തറിന്റെ മെഡല്‍ മഴ; നീന്തല്‍, ഷൂട്ടിംഗ്, അത്ലറ്റിക്‌സ് മേഖലകളില്‍ തിളങ്ങി ടീം ഖത്തര്‍

Web Desk
3 Min Read

ദോഹ: ദോഹയില്‍ നടക്കുന്ന നാലാമത് ജി സി സി ഗെയിംസില്‍ ആതിഥേയരായ ഖത്തര്‍ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡല്‍ വേട്ട തുടരുന്നു. മെയ് 22 വരെ നടക്കുന്ന ഗെയിംസില്‍ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,400 പുരുഷ- വനിതാ താരങ്ങള്‍ 17 ഇനങ്ങളിലായി മത്സരിക്കുന്നുണ്ട്.

city exchange

നീന്തല്‍ മത്സരങ്ങളുടെ അവസാന ദിനത്തില്‍ ടീം ഖത്തര്‍ രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം ഉള്‍പ്പെടെ എട്ട് മെഡലുകള്‍ സ്വന്തമാക്കി. ഇതോടെ ഖത്തറിന്റെ ആകെ നീന്തല്‍ മെഡല്‍ നേട്ടം 26 ആയി ഉയര്‍ന്നു. 13 സ്വര്‍ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടുന്നതാണ് ഈ നേട്ടം.

പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സഅദ് അല്‍ദീന്‍ 15:19.77 മിനിറ്റ് സമയം കുറിച്ച് പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അതേ ഇനത്തില്‍ ഖത്തറിന്റെ എമില്‍ ഫൗസൈ വെങ്കലം നേടി. പുരുഷന്മാരുടെ 4×100 മീറ്റര്‍ മെഡ്‌ലി റിലേയിലും അബ്ദുല്ല അല്‍ ഗംറി, മുഹമ്മദ് മഹ്മൂദ്, തമീം അല്‍ ഹുമൈദ, അലി താമര്‍ എന്നിവര്‍ ചേര്‍ന്ന് 3:45.66 മിനിറ്റ് സമയത്തില്‍ പുതിയ റെക്കോര്‍ഡോടെ ഖത്തറിന് രണ്ടാം സ്വര്‍ണം സമ്മാനിച്ചു.

50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ തമീം അല്‍ ഹുമൈദ വെള്ളിയും 200 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ മുഹമ്മദ് മഹ്മൂദ് വെള്ളിയും ഹംസ ഷഅലാന്‍ വെങ്കലവും നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ അലി താമര്‍ വെള്ളിയും മുഹമ്മദ് അസീസ് വെങ്കലവും സ്വന്തമാക്കി.

- Advertisement -
Ad image

ലുസൈല്‍ ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് കോംപ്ലക്‌സില്‍ നടന്ന ഷൂട്ടിംഗ് മത്സരങ്ങളില്‍ ഖത്തര്‍ മൂന്ന് സ്വര്‍ണം, ഒരു വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ ഒമ്പത് മെഡലുകള്‍ നേടി. റാഷിദ് സാലിഹ് അല്‍ അത്ബ പുരുഷ വ്യക്തിഗത സ്‌കീറ്റ് ഇനത്തില്‍ സ്വര്‍ണം നേടി. വനിതാ സ്‌കീറ്റ് വ്യക്തിഗത ഇനത്തില്‍ റീം അല്‍ ഷര്‍ഷാനിയും സ്വര്‍ണം സ്വന്തമാക്കി. റീം അല്‍ ഷര്‍ഷാനി, ഹജര്‍ മുഹമ്മദ്, സാറ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന വനിതാ സ്‌കീറ്റ് ടീം ഖത്തറിന് മറ്റൊരു സ്വര്‍ണവും സമ്മാനിച്ചു.

സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന അത്ലറ്റിക്‌സ് മത്സരങ്ങളിലും ഖത്തര്‍ മികച്ച മുന്നേറ്റം തുടരുകയാണ്. രണ്ടാം ദിനത്തില്‍ മാത്രം മൂന്ന് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം ഉള്‍പ്പെടെ ആറു മെഡലുകള്‍ ഖത്തര്‍ സ്വന്തമാക്കി.

പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ അഷ്റഫ് അല്‍ സൈഫി 70.18 മീറ്റര്‍ ദൂരമെറിഞ്ഞ് സ്വര്‍ണം നേടി. 400 മീറ്റര്‍ ഓട്ടത്തില്‍ അമ്മാര്‍ ഇബ്രാഹിം സ്വര്‍ണം നേടിയപ്പോള്‍ അഷ്റഫ് ഉസ്മാന്‍ വെള്ളി നേടി. വനിതാ പോള്‍ വോള്‍ട്ടില്‍ സമര്‍ അല്‍ മന്‍സൂരി 3.50 മീറ്റര്‍ ഉയരം മറികടന്ന് സ്വര്‍ണം നേടി.

ഇതോടെ അത്ലറ്റിക്‌സില്‍ ഖത്തര്‍ എട്ട് സ്വര്‍ണം, അഞ്ച് വെള്ളി, ഏഴ് വെങ്കലം ഉള്‍പ്പെടെ 20 മെഡലുകളോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഫെന്‍സിംഗില്‍ ഖത്തര്‍ പുരുഷ ടീം ഫോയല്‍ ഇനത്തില്‍ സ്വര്‍ണം നേടി. ഖാലിദ് ഹുസൈന്‍, അബ്ദുല്ല ഖലീഫ, അലി തുര്‍ക്കി അല്‍ അത്ബ, അബ്ദുറഹ്മാന്‍ ബൗഗ്രിബ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് ഖത്തറിന് സ്വര്‍ണം നേടിക്കൊടുത്തത്. ഫെന്‍സിംഗ് മത്സരങ്ങള്‍ ഖത്തര്‍ അഞ്ച് മെഡലുകളോടെ സമാപിപ്പിച്ചു.

ബില്ല്യാര്‍ഡ്‌സില്‍ ബഷര്‍ ഹുസൈന്‍ പുരുഷ 9-ബോള്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ യു എ ഇ താരമായ മഹ്മൂദ് ഷരീഫിനോടാണ് ബഷര്‍ പരാജയപ്പെട്ടത്.

കുതിരസവാരിയില്‍ ബാസിം മുഹമ്മദ് വ്യക്തിഗത ഷോജമ്പിംഗ് ഇനത്തില്‍ വെങ്കലം നേടി. ഇതോടെ ഖത്തര്‍ ഇക്വസ്ട്രിയന്‍ ടീം ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ഗെയിംസ് സമാപിപ്പിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ കായികരംഗത്തിന്റെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരങ്ങളിലെ ഉയര്‍ന്ന നിലവാരമെന്ന് സംഘാടകരും ഉദ്യോഗസ്ഥരും വിലയിരുത്തി.

Share This Article
Leave a Comment
error: Content is protected !!