ഖത്തര്‍ സ്വാതന്ത്ര്യത്തിന് ഇന്ന് അരനൂറ്റാണ്ട്

Web Desk
5 Min Read

ദോഹ: അറേബ്യന്‍ ഗള്‍ഫില്‍ കടലിലേക്ക് ഉറ്റിവീഴുന്ന ഒരു മഴത്തുള്ളി പോലെ കിടക്കുന്ന ഈ പ്രദേശത്തിന് ദൈവം കനിഞ്ഞു നല്കിയത് അനുഗ്രഹത്തിന്റെ പെരുമഴ. ഭൂമിയിലെ ചെറിയ പ്രദേശമാണെങ്കില്‍ മാനവരാശിയുടെ സകല പ്രശ്‌നങ്ങളിലും മനോഹരമായ പരിഹാരവുമായി കടന്നെത്തുന്ന കൊച്ചുരാജ്യത്തിന് ഇന്ന് സ്വാതന്ത്ര്യത്തിന്റെ അന്‍പതാം പിറന്നാള്‍.

city exchange


1971 സെപ്തംബര്‍ മൂന്നിനാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും ഖത്തര്‍ സ്വതന്ത്രമായത്. തുടര്‍ന്ന് 1972 ഫെബ്രുരി 27 മുതല്‍ 1995 ജൂണ്‍ 27 വരെ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയും 1995 ജൂണ്‍ 27 മുതല്‍ 2013 ജൂണ്‍ 25 വരെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും തുടര്‍ന്ന് 2013 ജൂണ്‍ 25 മുതല്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുമാണ് ഖത്തര്‍ ഭരണം നിര്‍വഹിക്കുന്നത്.

ഒരു കാലത്ത് ബഹറൈനിന്റെ ഭാഗമായും പിന്നീട് തുര്‍ക്കി ഖിലാഫത്തില്‍ നിന്നു വേര്‍പെട്ടും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലും കഴിഞ്ഞിരുന്ന പ്രദേശത്തിന് ഖത്തര്‍ 1971 സെപ്തംബര്‍ മൂന്നിന്് സ്വാതന്ത്ര്യം ലഭ്യമായതോടെയാണ് പൂര്‍ണരാജ്യമായതെങ്കിലും 1878 ഡിസംബര്‍ 18ന് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി ഖത്തറിനെ ബഹറൈനില്‍ നിന്നും വേര്‍പെടുത്തി തുര്‍ക്കി ഖലീഫയില്‍ നിന്നും രാജ്യത്തിന്റെ ഉപഭരണാധികാരിയായി സ്ഥാനമേറ്റെടുത്തതിനെയാണ് ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

- Advertisement -
Ad image


1878 ഡിസംബര്‍ 18ന് സ്വയംഭരണ പ്രദേശമായി മാറിയെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിലായിരുന്നു 1916 മുതല്‍ 1971 വരെ സെപ്തംബര്‍ മൂന്നു വരെ ഖത്തര്‍ കഴിഞ്ഞിരുന്നത്. 1635ല്‍ ബസറയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഫാക്ടറി ആരംഭിച്ചതോടെ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യം തുര്‍ക്കി സുല്‍ത്താനുമായുണ്ടാക്കിയിരുന്ന മാന്‍ഡേറ്ററി കരാര്‍ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എന്നാല്‍ പെട്രോളിയം പര്യവേക്ഷണത്തിനും മുത്ത് ശേഖരണത്തിനുമായി അക്കാലം മുതല്‍ ബ്രിട്ടീഷുകാര്‍ തദ്ദേശീയരുമായി അടുപ്പം സ്ഥാപിക്കുകയും തന്ത്രപരമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

എണ്ണ, ഗ്യാസ് പര്യവേക്ഷണം നടക്കുന്നതിന് മുമ്പുവരെ മത്സ്യബന്ധനവും മുത്തുവാരലുമായിരുന്നു ഖത്തറിലെ ജനജീവിതം മുമ്പോട്ടു കൊണ്ടുപോയിരുന്നത്.
ഖത്തറില്‍ ജനവാസം ആരംഭിച്ച കാലത്തെ കുറിച്ച് വ്യക്തമായ ധാരണകളില്ലെങ്കിലും ബി സി ആറാം നൂറ്റാണ്ടില്‍ തന്നെ ഖത്തറില്‍ ജീവിതമുണ്ടായിരുന്നതായി അല്‍ ഖോറില്‍ നടന്ന ഉത്ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങളും ആയുധങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഉത്ഖനനത്തില്‍ ലഭിച്ചത്.
മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരവുമായി ഖത്തറിന് ബന്ധമുണ്ടായിരുന്നതായി ചരിത്ര ശേഷിപ്പുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മെസപ്പെട്ടോമിയയിലെ കളിമണ്‍ പാത്രങ്ങള്‍ ഉള്‍പ്പെടെ ഖത്തറിലെ ഉത്ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്‌ക്കാരങ്ങളായ ബാബിലോണിയ, അസീറിയ എന്നിവയുമായും വ്യാപര ബന്ധങ്ങളുണ്ടായിരുന്നു.

ലോകചരിത്രത്തില്‍ ആദ്യമായി വിശ്വവിജ്ഞാന കോശം രചിച്ച പണ്ഡിതന്‍ പ്ലീനി സീനിയര്‍ ഖത്തറിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 23നും 79നും ഇടിയലാണ് പ്ലീനി സീനിയര്‍ ജീവിച്ചിരുന്നത്.
ചരിത്ര രചനയുടെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസിന്റെ കൈയ്യെഴുത്തു പ്രതികളിലും ഖത്തറിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബി സി അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെറഡോട്ടസ് ഖത്തറിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അക്കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നാണ് മനസ്സിലാവുന്നത്. സമര്‍ഥന്മാരായ നാവികന്മാര്‍ ഈ ഭാഗങ്ങളില്‍ താമസിച്ചിരുന്നതായാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.


പ്രവാചകന്റെ കാലത്ത് ബഹറൈന്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന ഖത്തറിലും ഇസ്‌ലാം പ്രചരിക്കുകയായിരുന്നു. എ ഡി 628ല്‍ മുഹമ്മദ് നബി ഇസ്‌ലാമിന്റെ സന്ദേശം വിവിധ രാജാക്കന്മാര്‍ക്ക് അയച്ച കൂട്ടത്തില്‍ ബഹറൈന്‍ ഭരണാധികാരി മുന്‍ദിര്‍ ബിന്‍ സവാ അല്‍ ഥമീമിക്കും കത്തയക്കുകയും ഖത്തര്‍ ഉള്‍പ്പെടെയുള്ള ഭൂവിഭാഗങ്ങളെല്ലാം ഇസ്‌ലാം സ്വീകരിക്കുകയുമായിരുന്നു.

1947 ആഗസ്ത് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ മേഖലയിലെ ഓരോ രാജ്യങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഖത്തര്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് മേഖലയിലെ എണ്ണയും ഗ്യാസും ഉള്‍പ്പെടുന്ന പ്രകൃതി വിഭവങ്ങള്‍ കൈവിടാന്‍ ബ്രിട്ടന് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 1971 വരെ അവര്‍ ഖത്തറിനെ അധീനപ്പെടുത്തിവെച്ചു.
1940ലാണ് ഖത്തറിന്റെ എണ്ണ ഉത്പാദനത്തിന് തുടക്കമാകുന്നത്. അതോടെയാണ് ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ക്കും തുടക്കമായത്. 1952ല്‍ അടിമത്തം നിരോധിക്കപ്പെട്ടതോടെ സ്വാതന്ത്ര്യ നീക്കങ്ങള്‍ ബലപ്പെട്ടു. 1964 മുതല്‍ ദേശീയ പോരാട്ടത്തിനായി പ്രവര്‍ത്തനം ശക്തമായിത്തുടങ്ങി.


1970 ഏപ്രില്‍ രണ്ടിനാണ് ഖത്തറില്‍ താത്ക്കാലിക ഭരണഘടന നിലവില്‍ വന്നത്. 1970 മെയ് 29ന് രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ രൂപീകൃതമായി. 1971ല്‍ വലിയ എണ്ണ, വാതക ഫീല്‍ഡ് തുടങ്ങുകയും എണ്ണയും വാതകവുമായി ബന്ധപ്പെട്ടവയുമെല്ലാം 1975ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുകയും ചെയ്തു.

ചരിത്രം ഇങ്ങനെയാണെങ്കിലും ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ് ഖത്തര്‍. ലോകത്തിലെ ഏറ്റവും ധനികരാജ്യങ്ങളുടെ ആദ്യത്തെ പത്തിലാണ് ഖത്തറിന്റെ സ്ഥാനം. ഒരു കാലത്ത് ദാരിദ്ര്യമായിരുന്നെങ്കില്‍ ഇന്നത്തെ ഖത്തറില്‍ ദാരിദ്ര്യം മാത്രമല്ല പൗരന്മാരില്‍ തൊഴിലില്ലായ്മയുമില്ല. ഖത്തറിന്റെ പ്രതിശീര്‍ഷ ജി ഡി പി 102,100 ഡോളര്‍ ആണ്. അമേരിക്കയുടെ പ്രതിശീര്‍ഷ ജി ഡി പി 52,800 ഡോളറാണെന്ന് അറിയുമ്പോഴാണ് ഖത്തറിന്റെ സാമ്പത്തിക മുന്നോക്കാവസ്ഥ തിരിച്ചറിയുക. 11500 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കുഞ്ഞുരാജ്യത്തെ ആശ്രയിച്ച് ലോകത്തിലെ നൂറിലേറെ രാജ്യങ്ങളിലെ പൗരന്മാരും കുടുംബങ്ങളും ജീവിക്കുന്നുണ്ടെന്നറിയുമ്പോഴാണ് അത്ഭുതവും കൗതുകവും ഉയരത്തിലേക്കെത്തുക.
ആളോഹരി വരുമാനത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ദ്രവീകൃത പ്രകൃതി വാതക ഉത്പാദനത്തില്‍ ഒന്നാമതും കയറ്റഉമതിയിലും രണ്ടാമതും നില്‍ക്കുന്നത്. ലോകത്തിലെ ഏററവും തൊഴിലില്ലാത്ത അവസ്ഥ ഇല്ലാത്തതിന് പുറമേ വിദ്യാഭ്യാസ രംഗത്തും ഖത്തര്‍ വളരെ മുന്‍പന്തിയിലാണ്. വനിതകളില്‍ ഭൂരിപക്ഷവും ബിരുദധാരികളാണെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല ലോകത്തിലെ മികച്ച സര്‍വകലാശാലകളിലൊന്നായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയെ മാറ്റിയെടുത്തതിന് പുറമേ ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ പലതിനും ഖത്തറില്‍ കേന്ദ്രങ്ങളുമുണ്ട്.


രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 80 ശതമാനവും എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിലൂടെയാണ് ലഭിക്കുന്നത്. എണ്ണ, പ്രകൃതി വാതകത്തിന് പുറമേ നിരവധി വന്‍കിട അനുബന്ധ വ്യവസായങ്ങളും രാജ്യത്തുണ്ട്.


ഇടതു വശത്ത് ലംബമായ വെള്ള സ്ട്രിപും വലതു വശത്ത് തവിട്ടു കലര്‍ന്ന ചുവപ്പു സ്ട്രിപും അടങ്ങിയ ഖത്തരി പതാകയില്‍ രണ്ടു നിറത്തിനുമിടയിലായി ഒന്‍പത് ത്രികോണ രൂപങ്ങള്‍ ചേര്‍ത്ത് സിഗ്‌സാഗ് സൃഷ്ടിച്ചിട്ടുണ്ട്. 1971 ജൂലൈ ഒന്‍പതിനാണ് ഖത്തരി പതാക അംഗീകരിക്കപ്പെട്ടത്. ഖത്തറിന്റെ പതാകയിലെ തവിട്ടു കലര്‍ന്ന ചുവപ്പു നിറത്തെ ഖത്തര്‍ മെറൂണ്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രാചീനകാലം മുതല്‍ ഒരുതരം കക്കയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഈ നിറം ഉപയോഗിച്ചാണ് വസ്ത്രങ്ങള്‍ക്ക് മോടി കൂട്ടിയിരുന്നത്. മാത്രമല്ല രാജകീയ വസ്ത്രങ്ങള്‍ക്ക് ഈ നിറമാണ് ഉപയോഗിച്ചിരുന്നത്.

ഒരു ഭാഗത്ത് സമ്പന്നതയുടെ കൊടുമുടിയിലാണെങ്കിലും മറു ഭാഗത്ത് പാരമ്പര്യത്തേയും സംസ്‌ക്കാരത്തേയും ചേര്‍ത്തുവെക്കാന്‍ ഒരിക്കലും ഖത്തര്‍ മടി കാണിച്ചിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗത്തും ലോകത്തിന്റെ കായിക നേട്ടങ്ങളിലും വലിയ രാജ്യങ്ങള്‍ക്കിടയിലെ മധ്യസ്ഥരായുമൊക്കെ തിളങ്ങുമ്പോഴും തങ്ങളുടെ പഴയ മുത്തുവാരിയ കാലവും മീന്‍ പിടിച്ച കാലവും മറക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. പഴയ കാലത്തെ ചേര്‍ത്തുവെച്ചു തന്നെയാണ് ഖത്തര്‍ പുതിയ കാലത്തെ സ്വീകരിക്കുന്നത്.


ഒട്ടകപ്പുറത്തേറിയ യാത്രകളും ഈത്തപ്പഴത്തിന്റെ മധുരവും ഖഹ്‌വയുടെ ചൂടേറിയ ആസ്വാദനവും അവരിപ്പോഴും തങ്ങളോടൊപ്പം കൂട്ടുന്നുണ്ട്. വേഷത്തില്‍ പോലും തങ്ങളുടെ പൗരാണികത കാത്തുസൂക്ഷിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്.

2022ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് രാജ്യമിപ്പോള്‍.

Share This Article
Leave a Comment
error: Content is protected !!