

ഗാസ: സെന്‍ട്രല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നുസൈറാത്ത്, മഗാസി അഭയാര്‍ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 21,320 പേര് കൊല്ലപ്പെടുകയും 55,603 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഏഴായിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

സഹായ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ ഭക്ഷണത്തിനായി മണിക്കൂറുകളോളമാണ് വരി നില്‍ക്കുന്നത്. ഗാസയിലെ ജനസംഖ്യയുടെ 40 ശതമാനം പേരും ക്ഷാമം നേരിടുന്നതായി യു എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കുന്നു.
ഈ വര്‍ഷം ഇതുവരെ 504 ഫലസ്തീനികളാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. 2005ല്‍ യു എന്‍ മരണങ്ങള് രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷം 2023 ഫലസ്തീനികളുടെ ഏറ്റവും മാരകമായ വര്‍ഷമാണെന്ന് യു എന്‍ ആര് ഡബ്ല്യു എ എക്സില്‍ പറഞ്ഞു.
യുദ്ധം ആരംഭിച്ചതിനുശേഷം യു എന്‍ ആര് ഡബ്ല്യു എ ഷെല്‍ട്ടറുകളില്‍ അഭയം പ്രാപിച്ച 308 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീന് അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സി എക്സില്‍ അറിയിച്ചു. 1,095 പേര്‍ക്ക് പരിക്കേറ്റു.
ഡിസംബര്‍ 25ന്, മാഗാസി പ്രിപറേറ്ററി സ്കൂളില്‍ അഭയം പ്രാപിച്ച രണ്ടു പേര് കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 187 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30-ലധികം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഒറ്റരാത്രികൊണ്ട് തടവിലാക്കിയ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള ദേര്‍ അബു മെഷാല്‍ ഗ്രാമത്തില്‍ നിന്ന് 21കാരനായ മുഹമ്മദ് വജീഹ് അല്‍ ജസീറയോട് തന്റെ അനുഭവം വിവരിച്ചു.
ഇസ്രായേലിന്റെ ഇടപെടലില്‍ അവര്‍ വളരെ പ്രാകൃതരായിരുന്നുവെന്നും വീടിന്റെ വാതില്‍ ബലമായി തുറന്ന ശേഷം അവര്‍ പരിശോധന നടത്തുകയും അടുക്കള തകര്‍ക്കുകയും ചെയ്തുവെന്നും എല്ലായിടത്തും തെരച്ചില്‍ നടത്തുകയും അലമാരകള്‍ തുറക്കുകയും ചെയ്തതായും മുഹമ്മദ് വജീഹ് പറഞ്ഞു.
ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം വീടുവീടാന്തരം കയറിയിറങ്ങിയെന്ന് അല്‍ ജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു. കണ്ണടച്ച് കൈകള്‍ കെട്ടി തെരുവിലെ തുറന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം തടവിലാക്കി.
വീട്ടിലെ ആളുകളുടെ എണ്ണത്തെക്കുറിച്ച് അവര്‍ ചോദ്യം ചെയ്യുകയും അവരുടെ എല്ലാ ഫോണുകളും പിടിച്ചെടുത്തതായും വജീഹ് പറഞ്ഞു.
ഫലസ്തീനികളുടെ അഭിപ്രായത്തില്‍ യുവതലമുറയില്‍ ഭയം വളര്‍ത്തുക എന്നതാണ് ഈ അറസ്റ്റുകളുടെ പ്രധാന ലക്ഷ്യമെന്ന് ഇബ്രാഹിം പറഞ്ഞു. ‘ഇസ്രായേല്‍ അധിനിവേശത്തെ ആരെങ്കിലും എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിന്റെ ഫലം അറസ്റ്റുകളും ഭീഷണിപ്പെടുത്തലുമാകുമെന്ന് അവരോട് പറയുകയാണ്,’ അവര്‍ പറഞ്ഞു.
ജബാലിയയിലെ പി ആര് സി എസ് ആംബുലന്‍സ് സെന്ററിലെ പാരാമെഡിക്കല്‍ മുഹമ്മദ് സാലിഹ്, താനും സഹപ്രവര്‍ത്തകരും അനുഭവിച്ച മര്‍ദനവും അപമാനവും സംബന്ധിച്ച് ഒരാഴ്ച മുമ്പ് ഇസ്രായേല്‍ സേന കേന്ദ്രം ആക്രമിച്ച് അറസ്റ്റ് ചെയ്തതിന്റെ സാക്ഷ്യം പങ്കിട്ടു.
തങ്ങള്‍ എല്ലാവരും അപമാനിക്കപ്പെട്ടുവെന്നും തലയിലും മുതുകിലും മര്‍മ ഭാഗങ്ങളിലും മര്‍ദിക്കപ്പെട്ടുവെന്നും സാലിഹ് പറഞ്ഞു.
ഗാസയിലെ യു എന്‍ ആര് ഡബ്ല്യു എ അഫയേഴ്സ് ഡയറക്ടര്‍ തോമസ് വൈറ്റ് പറയുന്നതനുസരിച്ച്, വടക്കന്‍ ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം നിശ്ചയിച്ച റൂട്ടിലൂടെ മടങ്ങിയ ഒരു സഹായ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ത്തു.
തങ്ങളുടെ അന്താരാഷ്ട്ര കോണ്‍വോയ് നേതാവിനും അദ്ദേഹത്തിന്റെ ടീമിനും പരിക്കേറ്റില്ലെങ്കിലും ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും സഹായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും ലക്ഷ്യമാകരുതെന്നും വൈറ്റ് എക്സില്‍ പറഞ്ഞു.

