ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയില്‍ ശുഭാപ്തി വിശ്വാസമുണ്ട്: അഡ്വ. ഷിബു മീരാന്‍

Web Desk
3 Min Read

ദോഹ: ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയില്‍ താന്‍ ശുഭാപ്തി വിശ്വാസിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

സമകാലിക ഇന്ത്യയില്‍ പ്രത്യക്ഷത്തില്‍ സംഘപരിവാറും വര്‍ഗ്ഗീയതയുമൊക്കെയാണ് കാഴ്ചയെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ മതനിരപേക്ഷ ശക്തികള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. ആശയം എന്നതിനപ്പുറം സജീവമായി തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കാനുള്ള അടിത്തറയാണ് ഇന്ത്യാ മുന്നണി ഉണ്ടാക്കുന്നത്.

ബി ജെ പിയെ പിടിച്ചു കെട്ടാനുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവ ബി ജെ പിക്കു മുമ്പിലുണ്ട്. അവയൊന്നും അവര്‍ക്ക് പരിഹരിക്കാനായിട്ടില്ല. ഉത്തര്‍പ്രദേശ് പൊലീസിലെ അറുപതിനായിരം ഒഴിവുകളിലേക്ക് അറുപത് ലക്ഷമാണ് അപേക്ഷ വന്നിരിക്കുന്നത്. അതിനര്‍ഥം തൊഴിലില്ലായ്മ രൂക്ഷമാണെന്നാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയാല്‍ വലിയ തിരിച്ചടിയാണ് ബി ജെ പിയെ കാത്തിരിക്കുന്നത്.

നിര്‍ണായകമായ ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവ കുറച്ചു കൂടി ശക്തമായി അവതരിപ്പിക്കണമെന്ന ആവശ്യമാണ് തങ്ങള്‍ക്കുള്ളതെന്നും അഡ്വ. ഷിബു മീരാന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ബഹുമുഖ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയം കോണ്‍ഗ്രസ് പൂര്‍ണമായും ഏറ്റെടുക്കണമെന്ന അഭിപ്രായക്കാരനാണ് താന്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ പോസിറ്റീവായും നെഗറ്റീവായും മുസ്‌ലിം ലീഗ് വിലയിരുത്തുന്നുണ്ടെന്നും എല്ലാ പ്രശ്‌നങ്ങളുയേും ഒറ്റമൂലി പരിഹാരമാണ് കോണ്‍ഗ്രസെന്ന നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലായിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് സീറ്റ് ഉറപ്പാണ്. ആരെയാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടതെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുകയെങ്കിലും യുവാക്കള്‍ക്ക് സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പാര്‍ട്ടി മെമ്പര്‍ഷിപ്പുകള്‍ പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം താഴെ തട്ടുമുതല്‍ അംഗത്വ വിതരണം പൂര്‍ത്തിയാക്കി. ഇവിടങ്ങളിലെല്ലാം സംസ്ഥാന കമ്മിറ്റികള്‍ നിലവില്‍ വരികയാണ്. കേരളത്തിലെ സംഘടനാ രീതി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മീററ്റ് കോര്‍പറേഷനില്‍ മുസ്‌ലിം ലീഗ് കോണി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ചു. 29 വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെയൊരു സംഭവം നടക്േകുന്നത്. മുസ്‌ലിം ലീഗ് ഉത്തരേന്ത്യയില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ദേശീയ മുസ്‌ലിം ലീഗിന്റെ ഓഫിസ് കേരളത്തിലെയും രാജ്യത്തേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വലിയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ പ്രാദേശികമായി നേതാക്കള്‍ ഉയര്‍ന്നു വരുന്നുണ്ട്. യൂത്ത് ലീഗിന്റെ ദേശീയ ഭാരവാഹികള്‍ പലരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. മുസ്‌ലിം ലീഗിനും എം എസ് എഫിനും മികച്ച നേതൃത്വം ഉത്തരേന്ത്യയില്‍ നിന്നും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ച് നേതാക്കളുണ്ടാകുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ഇ ടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയുമൊക്കെ ഉത്തരേന്ത്യയില്‍ വ്യാപകമായി തിരിച്ചറിയുന്ന നേതാക്കളാണെങ്കിലും അവിടെ പ്രാദേശികമായി തന്നെ നേതാക്കള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കത്വ പ്രശ്‌നം മുസ്‌ലിം ലീഗിന് രാഷ്ട്രീയ ഗിമ്മിക്കല്ലെന്നും ആത്മാര്‍ഥമായ പരിശ്രമങ്ങളാണെന്നും പറഞ്ഞ അഡ്വ. ഷിബു മീരാന്‍ കത്വ പെണ്‍കുട്ടിയുടെ കുടുംബവുത്തോടൊപ്പം ഇപ്പോഴും യൂത്ത് ലീഗാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമീപ ഭാവിയില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വത്തിലേക്ക് വനിതകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!